അമരാവതി: ആന്ധ്രാ പ്രദേശില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ (വിധാന്‍ പരിഷത്ത്) പിരിച്ചുവിടുന്നതിനുള്ള പ്രമേയം നിയമസഭ പാസാക്കി. തിങ്കളാഴ്ച ചേര്‍ന്ന നിയമസഭ യോഗമാണ് പ്രമേയം പാസാക്കിയത്. പ്രമേയം എതിരില്ലാതെയാണ് സഭ പാസാക്കിയത്. 133 അംഗങ്ങള്‍ അനുകൂലമായി വോട്ടു ചെയ്തു. പ്രമേയം പാസായതിനാല്‍ ഗവര്‍ണറുടെ അംഗീകാരത്തിനു ശേഷം തുടര്‍നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന് അയക്കും.
നേരത്തെ ആന്ധ്രയ്ക്ക് മൂന്ന് തലസ്ഥാനങ്ങള്‍ രൂപവത്കരിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തള്ളിയിരുന്നു. മൂന്നു തലസ്ഥാനങ്ങള്‍ രൂപീകരിക്കാനുള്ള ബില്‍ സിലക്റ്റ് കമ്മിറ്റിക്കു വിടാനായിരുന്നു കൗണ്‍സില്‍ തീരുമാനം. ഇതിന് പിന്നാലെ ഉപരിസഭയുടെ ആവശ്യകത ചോദ്യം ചെയ്തു ജഗന് മോഹന്‍ റെഡ്ഡി രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ഉപരിസഭ ആവശ്യമില്ല. അത് നമ്മുടെ സൗകര്യത്തിനായി രൂപീകരിച്ചവയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.തുടര്‍ന്നാണ് കൗണ്‍സില്‍ തന്നെ പിരിച്ചുവിടാനുള്ള നീക്കവുമായി ജഗന് സര്‍ക്കാര്‍ രംഗത്തെത്തിയത്.
രാജ്യസഭാ മാതൃകയില്‍ ആന്ധ്രാ സംസ്ഥാനത്തെ ഉപരിസഭയാണ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങളെ നിയമസഭാംഗങ്ങളാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. അംഗങ്ങള്‍ക്ക് ആറു വര്‍ഷമാണ് കാലാവധി. നിലവില്‍ കൗണ്‍സിലില്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷിയായ ടിഡിപിക്കാണ് ഭൂരിപക്ഷം. 58 അംഗ കൗണ്‍സിലില്‍ ടിഡിപിക്ക് 27 അംഗങ്ങളുടെ ഭൂരിപക്ഷമുണ്ട്. ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിന് ഒമ്പത് സീറ്റുകള്‍ മാത്രമാണ് ഉള്ളത്.2021ല്‍ മാത്രമേ വൈഎസ്ആര്‍ കോണ്‍ഗ്രസിന് കൗണ്‍സിലില്‍ മേല്‍ക്കൈ നേടാന്‍ സാധിക്കൂ.
Discussion about this post