കൊച്ചി: ഹിന്ദു രാഷ്ട്രം എന്ന സ്വപ്നത്തിലേക്കുള്ള ബിജെപിയുടെ ആദ്യ പടിയാണ് പൗരത്വഭേദഗതിയെന്ന് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പീപ്പിള്‍ യുണൈറ്റഡ് എഗൈയ്ന്‍സ്റ്റ് യുഎപിഎ സംഘടിപ്പിച്ച യുഎപിഎ വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രശാന്ത് ഭൂഷണ്.
പൗരത്വ ഭേദഗതി നിയമം പല കാരണങ്ങള്‍ കൊണ്ടും ഭരണ ഘടനയ്ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. യുഎപിഎ നിയമത്തെയും അദ്ദേഹം വിമര്‍ശിച്ചു. വ്യക്തികളെ പോലും തീവ്രവാദികളായി മുദ്രകുത്തി തടവിലാക്കാന്‍ കഴിയുന്നതാണ് പുതിയ യുഎപിഎ ഭേദഗതി. യുഎപിഎയും എന്‍എസ്എയും ഭരണ ഘടനാ വിരുദ്ധമാണ്. അത് പുന:പരിശോധിക്കണമെന്നും യുഎപിഎ നിയമത്തിനെതിരെ നിയമ സഭ പ്രമേയം പാസ്സാക്കണമെന്നും പ്രശാന്ത് ഭൂഷണ് ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തില്‍ യുഎപിഎ ചുമത്തി കഴിഞ്ഞാല്‍ സ്വയം തെളിവുകള്‍ കണ്ടെത്തി നിരപരാധി ആണെന്ന് തെളിയിച്ചാല്‍ മാത്രമേ പുറത്തു വരാന്‍ കഴിയുകയുള്ളൂ. ആയിരക്കണക്കിന് ആളുകള്‍ ഇത്തരത്തില്‍ വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്നുണ്ടെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു.
Discussion about this post