ന്യൂഡല്‍ഹി: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ഗതാഗത നിയമം ശക്തമാക്കിയിരുന്നു. മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ വാഹന പരിശോധനയും ശക്തമാക്കിയതോടെ ഹെല്‍മറ്റ് ധരിച്ച് യാത്രചെയ്യാന്‍ ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരും നിര്‍ബന്ധിതരായി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയ നിയമം എന്നാല്‍ അനുസരിക്കാത്ത പലരുമുണ്ട്.
ഇത്തരത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്ത യുവാവിനെ ട്രാഫിക് പോലീസ് പിടികൂടിയതിന് പിന്നാലെ നടന്ന സംഭവങ്ങളാണ് മാധ്യമങ്ങളില്‍ നിറയുന്നത്. ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചതിന് ട്രാഫിക് പോലീസ് പിഴ ചുമത്തിയതില്‍ പ്രകോപിതനായ യുവാവ് തന്റെ സ്വന്തം ബൈക്ക് കത്തിക്കുകയായിരുന്നു.
സൗത്ത് ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലാണ് സംഭവം. ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് 20കാരനായ വികാസ് എന്ന യുവാവിനെയാണ് ട്രാഫിക് പോലീസ് പിടികൂടി പിഴ ചുമത്തിയത്. സംഗം വിഹാര്‍ സ്വദേശിയായ വികാസ് പിഴ ചുമത്തിയതില്‍ പ്രകോപിതനായി പിന്നീട് സ്വന്തം ബൈക്ക് കത്തിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post