ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചു. കര, നാവിക, വ്യോമസേനാ തലവന്മാരുടെ മേധാവിയായി, സര്‍വസൈന്യാധിപനായ രാഷ്ട്രപതിയുടെ കീഴില്‍ മൂന്ന് സേനകളെയും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായിട്ടാണ്ബിപിന് റാവത്തിനെ നിയമിച്ചത്. ഫോര്‍ സ്റ്റാര്‍ ജനറല്‍ പദവിയിലാകും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ നിയമനം.
65 വയസ് വരെ പ്രായമുള്ളവര്‍ക്കേ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവിയിലെത്താനാവൂ. മൂന്ന് വര്‍ഷമാണ് കാലാവധി. രാഷ്ട്രപതിക്ക് കീഴില്‍ മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതല ഇനി മുതല്‍ ഈ ജനറലിനാകും. പ്രതിരോധമന്ത്രിയുടെ പ്രിന്‍സിപ്പല്‍ മിലിട്ടറി ഉപദേശകനും ഇനി ബിപിന്‍ റാവത്തായിരിക്കും. അതേസമയം, ബിപിന്‍ റാവത്ത് നാളെ കരസേനാ മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കും.
യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ അംഗങ്ങളായ എല്ലാ രാജ്യങ്ങളിലും സൈനികവിഭാഗത്തില്‍ (പി-5 എന്ന അഞ്ച് രാജ്യങ്ങള്‍) ഇത്തരത്തില്‍ ഒരു പദവിയുണ്ട്. രാജ്യത്തിന്റെ ആയുധവാങ്ങല്‍ ശേഷിയും ആവശ്യങ്ങളും കൃത്യമായി പ്രതിരോധവകുപ്പിനെ അറിയിക്കല്‍, മൂന്ന് സേനകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കല്‍ എന്നിവ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ ചുമതലകളില്‍ ചിലതാണ്.
സേനാമേധാവികളുടെ തുല്യ ശമ്പളം തന്നെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനുമുണ്ടാകും. നിലവില്‍ ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി എന്ന – സേനാമേധാവിമാരുടെ സമിതിയുടെ തലവനാണ് ബിപിന്‍ റാവത്ത്. പക്ഷെ ഈ സ്ഥാനത്തിന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനുള്ള അധികാരങ്ങളില്ല.
Discussion about this post