2018-ലെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം അമിതാബ് ബച്ചന് രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ഏറ്റുവാങ്ങി. സിനിമയില്‍ അമ്പത് വര്‍ഷം പൂര്‍ത്തീകരിക്കുന്ന വേളയിലാണ് ബിഗ് ബിയെ തേടി ഈ പുരസ്കാരം എത്തിയിരിക്കുന്നത്. ഗോള്‍ഡന്‍ ലോട്ടസും പത്ത് ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം. ഭാര്യ ജയാ ബച്ചനും മകന് അഭിഷേക് ബച്ചനും ഒപ്പമാണ് ബിഗ് ബി പുരസ്കാരം ഏറ്റുവാങ്ങാന്‍ എത്തിയത്.
രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ബച്ചന് പ്രസംഗിച്ചത് ഇങ്ങനെ, ‘ഇത്തവണത്തെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം എനിക്ക് ആണെന്ന് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ആദ്യം എന്റെ മനസില്‍ ഉയര്‍ന്ന സംശയമിതായിരുന്നു. ഇനി വിരമിക്കാനൊക്കെ സമയമായി, ഇനി വീട്ടിലിരുന്നോളൂ എന്ന് പറയുകയാണോ എന്ന് എനിക്ക് സൂചന തരികയാണോ ഇതിലൂടെ എന്ന്. എന്നാല്‍ എനിക്കിനിയും ജോലി ചെയ്യേണ്ടതുണ്ട്. പൂര്‍ത്തിയാക്കേണ്ട ജോലികള്‍ പലതുമുണ്ട്. അത് പൂര്‍ത്തിയാക്കണം. ഭാവിയില്‍ ഇനിയും എന്നെത്തേടി സിനിമകള്‍ വരുമെന്നാണ് എന്റെ പ്രതീക്ഷ. ഒന്നുമില്ല, ഇവിടെ ഇത് പറയുന്നു എന്ന് മാത്രം’ എന്നാണ് ബിഗ് ബി പറഞ്ഞത്.
1969 ല്‍ സാത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് സിനിമയുടെ ബിഗ് ബി എന്നറിയപ്പെടുന്ന അമിതാഭ് ബച്ചന് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. അഗ്നിപത്ത്, ബ്ലാക്ക്, പാ, പികു എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നാല് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ കരസ്ഥമാക്കി. 2015ല്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയാണ് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ്. ഇന്ത്യന്‍ സിനിമയുടെ പിതാവ് ധുന്ദിരാജ് ഗോവിന്ദ് ഫാല്‍ക്കെയുടെ പേരിലാണ് ഈ പുരസ്കാരം. 1969-ലാണ് ആദ്യ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടത്.
Discussion about this post