ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ചവരോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട മീററ്റ് എസ്പി അഖിലേഷ് നാരായണ്‍ സിംഗിനെതിരെ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി രംഗത്ത്. എസ്പിയുടെ വാക്കുകള്‍ അപലപനീയമാണെന്നും എസ്പിക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
ഇന്നലെയാണ് മീററ്റ് എസ്പി പ്രതിഷേധക്കാരോട് പാകിസ്താനിലേക്ക് പോകൂ എന്ന് ആക്രോശിക്കുന്ന വീഡിയോ പുറത്തുവന്നത്. ”നിങ്ങളോട് പറയുകയാണ് ഞാന്‍, ഇങ്ങനെ ഇവിടെ നില്‍ക്കണ്ട. പാകിസ്താനിലേക്ക് പൊയ്ക്കോ. നിങ്ങളുടെ ഭാവി സെക്കന്റുകള്‍ക്കുള്ളില്‍ ഇരുളിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. കയ്യില്‍ കറുപ്പോ, മഞ്ഞയോ ബാന്‍ഡ് കെട്ടിയവരൊക്കെ പാകിസ്താനിലേക്ക് പോ. എന്നായിരുന്നു എസ്പിയുടെ ഭീഷണി.
വന്‍ പോലീസ് സംഘത്തിനൊപ്പമെത്തിയായിരുന്നു എസ്പി പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തിയത്. വീഡിയോ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വ്യാപകമായി പ്രചരിച്ചു. ഇതോടെ നിരവധി പേരാണ് അഖിലേഷ് നാരായണ്‍ സിംഗിനെതിരെ രംഗത്തെത്തിയത്. എസ്പിയുടെ വാക്കുകള്‍ അപലപനീയമാണെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വിയും വ്യക്തമാക്കി. ഇതാദ്യമായാണ് എസ്പിക്കെതിരെ ഒരു ബിജെപി നേതാവ് പ്രതികരിക്കുന്നത്.
Discussion about this post