പോണ്ടിച്ചേരി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി തമിഴ്നാട്ടില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പങ്കെടുക്കുന്ന പരിപാടി ബഹിഷ്കരിക്കാന്‍ വിദ്യാര്‍ത്ഥികളുടെ തീരുമാനം. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നടക്കുന്ന ബിരുദ ദാന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് വിദ്യാര്‍ത്ഥി യൂണിയന് അറിയിച്ചു.
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് പങ്കെടുക്കുന്ന പരുപാടി ബഹിഷ്കരിക്കുന്നതെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ പറഞ്ഞു. 23 നാണ് പോണ്ടിച്ചേരി സര്‍വകലാശാലയിലെ ബിരുദ ദാന ചടങ്ങ്.
അതിനിടെ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ക്യാമ്പസിനുള്ളില്‍ സമരങ്ങളും മുദ്രാവാക്യം വിളികളും മദ്രാസ് ഐഐടി വിലക്കി. പ്രകടനങ്ങള്‍ ഐഐടിയുടെ പാരമ്പര്യമല്ലെന്ന് പറഞ്ഞാണ് സമരങ്ങള്‍ മദ്രാസ് ഐഐടി വിലക്കിയിരിക്കുന്നത്.
ഇത് വ്യക്തമാക്കി മദ്രാസ് ഐഐടി ഡീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-മെയില്‍ അയച്ചു. പ്രകടനങ്ങള്‍ ഐഐടിയുടെ പാരമ്പര്യമല്ല. ചര്‍ച്ച മാത്രമേ പാടുള്ളുവെന്നുമാണ് ഡീന്‍ മെയിലില്‍ പറയുന്നത്.
അതെസമയം ഐഐടി അധികൃതരുടെ നടപടി മൗലികാവകാശത്തിന് എതിരാണെന്നും പ്രക്ഷോഭങ്ങള്‍ തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ദേശവ്യാപകമായി നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മദ്രാസ് ഐഐടി വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു.
മദ്രാസ് സര്‍വകലാശാലയില്‍ പോലീസ് പ്രവേശിച്ചതിന് എതിരെ ഐഐടി വിദ്യാര്‍ത്ഥികള്‍ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു.
Discussion about this post