കോഴിക്കോട്: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഡിസംബര്‍ 17ന് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ മുസ്ലിം ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്. ഫേസ്ബുക്കിലൂടെയാണ് ഫിറോസ് ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട പ്രചാരണ പ്രവര്‍ത്തനങ്ങളിലോ ഹര്‍ത്താല്‍ നടത്തുന്നതിനോ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബിഎസ്പി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതിയാണ് 17ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. മുപ്പതോളം സംഘടനകളും വിവിധ മേഖലകളിലെ വ്യക്തികളും ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നുണ്ട്. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നും എന്‍ആര്‍സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബര്‍ 17ന് ചൊവ്വാഴ്ച രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍ ആചരിക്കുക.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
17 ലെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നിലപാട്….
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചില സംഘടനകളും വ്യക്തികളും ഡിസംബര്‍ 17 ന് പ്രഖ്യാപിച്ച ഹര്‍ത്താലുമായി മുസ്ലിം യൂത്ത് ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കുന്നു. പ്രസ്തുത ഹര്‍ത്താലുമായി ബന്ധപ്പെട്ട പ്രചരണ പ്രവര്‍ത്തനങ്ങളിലോ ഹര്‍ത്താല്‍ നടത്തുന്നതിനോ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ യാതൊരു കാരണവശാലും പങ്കാളികളാകരുതെന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍(പ്രസിഡണ്ട്) പി.കെ ഫിറോസ് (ജനറല്‍ സെക്രട്ടറി) മുസ്ലിം യൂത്ത് ലീഗ്
കേരള സ്റ്റേറ്റ് കമ്മിറ്റി
Discussion about this post