ക്രോണിക് ബാച്ച്ലര്, രാക്ഷസ രാജാവ്, കരുമാടിക്കുട്ടന്, മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നം തുടങ്ങിയ ചിത്രങ്ങളിലൂടെ മനസില്‍ ഇടംപിടിച്ച കുട്ടിത്താരം ഇപ്പോള്‍ നായക വേഷത്തിലെത്തി നില്‍ക്കുകയാണ്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ജോമോന് ആണ് ഇപ്പോള്‍ സന്ദീപ് അജിത്ത് കുമാര്‍ സംവിധാനം ചെയ്യുന്ന 99 സ്ട്രീറ്റ് എന്ന ചിത്രത്തിലൂടെ നായക വേഷത്തിലെത്തുന്നത്.
സൗഹൃദവും, പ്രണയവും, പ്രതികാരവും നിറഞ്ഞ സിനിമ ത്രില്ലര്‍ ആണെന്നാണ് വിവരം. കഥ, തിരക്കഥ, സംഭാഷണം പ്രദീപ് പണിക്കര്‍. ഛായാഗ്രഹണം നഹിയാന്‍, സംഗീതം സായ് ബാലന്. ഡിസംബര്‍ അവസാനം ചിത്രീകരണം തുടങ്ങും. മറ്റു പ്രമുഖ താരങ്ങളും സിനിമയില്‍ അണിനിരക്കും. സംവിധായകന് തന്നെയാണ് നായകനെ പരിചയപ്പെടുത്തിയത്. പത്തനംതിട്ട, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം.
സംവിധായകന്റെ വാക്കുകള്‍:
നമസ്കാരം, അപ്പോള്‍ നമ്മുടെ നായകനെ അവതരിപ്പിക്കുകയാണ്…നിങ്ങള്‍ക്ക് ക്രോണിക് ബാച്ച്ലര് സിനിമയില്‍ സാക്ഷാല്‍ മമ്മൂക്കയ്ക്കു റോസാപ്പൂ കൊണ്ട് കൊടുത്ത പയ്യനെ ഓര്‍മ്മയില്ലേ , ശേഷം ഇന്നസെന്റ് ചേട്ടനെ ഇഷ്ടിക എറിഞ്ഞു നമ്മളെ കുടുകുടാ ചിരിപ്പിച്ച ആ പയ്യന്.
മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നത്തിലും ‘മാമ എന്റെ 100 രൂപ ‘എന്നും പറഞ്ഞു പിന്നാലെ നടന്നു നമ്മളെ ചിരിപ്പിച്ച 10 വയസുകാരന്, … അതുപോലെ രാക്ഷസരാജാവിലും, ഫാന്റത്തിലും, പോക്കിരിരാജയിലും, തുടങ്ങി അവസാനം കാമുകിയിലും, മാഫിഡോണയിലും വരെ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക മനസ് കവര്‍ന്ന നമ്മുടെ സ്വന്തം ജോമോന് ജോഷി, 99 സ്ട്രീറ്റ് എന്ന എന്റെ സിനിമയിലൂടെ ആദ്യമായി നായക വേഷത്തില്‍ എത്തുന്നു..
പത്തനംതിട്ട, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ ഡിസംബര്‍ അവസാന വാരം മുതല്‍ ചിത്രീകരണം നടക്കുന്നതാണ്. എല്ലാവരുടെയും സപ്പോര്‍ട്ടും, പ്രാര്‍ത്ഥനയും പ്രതീക്ഷിക്കുന്നു….ബാക്കി കാസ്റ്റിംഗ് നടക്കുന്നു, വഴിയേ അറിയിക്കും.
Discussion about this post