ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ ജയസൂര്യയും വിജയ് ബാബുവും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘തൃശ്ശൂര്‍ പൂരം’. ചിത്രത്തിലെ ‘സഖിയെ’ എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഒമ്പത് ലക്ഷത്തിലധികം കാഴ്ച്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതാണ് ഗാനമിപ്പോള്‍. ഹരിചരണ്‍ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് രതീഷ് വേഗയാണ്.
പാട്ട് ഹിറ്റായതിന്റെ സന്തോഷം ജയസൂര്യയും പങ്കുവെച്ചിട്ടുണ്ട്. ‘മ്മ്ടെ പാട്ട് ക്ലിക്കായിട്ടാ. എല്ലാവര്ക്കും ഇഷ്ടായി എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം എവര്‍ക്കും നന്ദി’ എന്നാണ് ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചത്. വേറിട്ട ലുക്കിലാണ് ജയസൂര്യ ഗാനരംഗത്ത് എത്തിയിരിക്കുന്നത്.
സ്വാതി റെഡ്ഡിയാണ് ചിത്രത്തിലെ നായിക. രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം തൃശ്ശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശ്ശൂര്‍ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയായിരിക്കും ഇതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. സംഗീത സംവിധായകന് രതീഷ് വേഗയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രതീഷ് വേഗ ആദ്യമായി തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രം കൂടിയാണിത്.
Discussion about this post