കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിപ് കാര്‍ഡിലേക്ക് മാറാനുള്ള സമയ പരിധി ഈ മാസം 31 ഓടെ അവസാനിക്കും. മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നവര്‍ ഉടന്‍ തന്നെ തങ്ങളുടെ കാര്‍ഡുകള്‍ ചിപ് കാര്‍ഡാക്കി മാറ്റണം. അല്ലെങ്കില്‍ ജനുവരി ഒന്ന് മുതല്‍ ആ കാര്‍ഡുകള്‍ യാതൊരു ഉപയോഗത്തിനും കൊള്ളാത്തവയാകുമെന്നാണ് മുന്നറിയിപ്പ്.
സ്റ്റേറ്റ് ബാങ്കിന്റെ എടിഎം കാര്‍ഡുകളില്‍ മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് എസ്ബിഐ. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകള്‍ സ്ഥിരമായതോടെയാണ് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പുതരുന്ന ചിപ് കാര്‍ഡുകള്‍ ബാങ്കുകള്‍ പുറത്തിറക്കിയത്. എല്ലാ അക്കൗണ്ട് ഉടമകളുടെയും കാര്‍ഡുകള്‍ നിര്‍ബന്ധമായും ചിപ് കാര്‍ഡാക്കി മാറ്റേണമെന്നാണ് നിര്‍ദ്ദേശം.
ഈ കാര്‍ഡ് മാറ്റം ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം പണച്ചിലവില്ലാത്തതാണ്. റിസര്‍വ് ബാങ്കിന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കുന്നതാണിത്. പുതിയ നിര്‍ദ്ദേശം അനുസരിച്ചില്ലെങ്കില്‍ ഡിസംബര്‍ 31 ന് ശേഷം എടിഎമ്മില്‍ നിന്നും മാഗ്നറ്റിക് സ്ട്രിപ് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാനാവില്ല.
എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങി മിക്ക ബാങ്കുകളും ഒരു വര്‍ഷം മുന്‍പേതന്നെ മാഗ്നെറ്റിക് സ്ട്രിപ് ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പകരം ചിപ് കാര്‍ഡുകള്‍ നേരത്തെ പുറത്തിറക്കിയിരുന്നു. ഇടപാടുകാരുടെ എണ്ണം കൂടുതലായതിനാല്‍ എസ്ബിഐ ഇത് പൂര്‍ണമായി നടപ്പാക്കാന്‍ ഒരുവര്‍ഷം സമയം തേടുകയായിരുന്നു.
പുതിയ ചിപ് കാര്‍ഡിന് ഓണ്‍ലൈന്‍ വഴിയും അപേക്ഷിക്കാവുന്നതാണ്. സൗജന്യമായാണ് ബാങ്ക് കാര്‍ഡ് മാറ്റി നല്‍കുന്നത്. യൂസര്‍ നെയിമും പാസ്വേര്ഡും ഉപയോഗിച്ച് എസ്ബിഐ ഓണ്‍ലൈനില്‍ ലോഗിന്‍ ചെയ്ത് പുതിയ ചിപ് കാര്‍ഡിനായി അപേക്ഷിക്കാം.
ആധികാരികത ഉറപ്പാക്കുന്നതിന് വണ്‍ ടൈം പാസ് വേര്‍ഡ് ഓപ്ഷന് കൊടുത്തശേഷം ഗ്രീന്‍ പിന് സെറ്റ് ചെയ്ത് അപേക്ഷിക്കാം. എട്ട് ദിവസത്തിനുള്ളില്‍ പുതിയ കാര്‍ഡ് ഉപഭോക്താവിന്റെ രജിസ്റ്റേര്‍ഡ് അഡ്രസിലേക്ക് എത്തും. തീര്‍ത്തും സൗജന്യമായാണ് ചിപ് കാര്‍ഡ് ബാങ്കുകള്‍ നല്‍കുന്നത്. ഏതെങ്കിലും ബാങ്കുകള്‍ നിരക്ക് ഈടാക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് പരാതിപ്പെടാം. അതേസമയം കാര്‍ഡിന്റെ വാര്‍ഷിക മെയ്ന്റനന്‍സ് ചാര്‍ജ് പഴയത് തന്നെ തുടരും.
Discussion about this post