സോന്‍ഭദ്ര: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ പ്രൈമറി സ്കൂളില്‍ നിന്നുള്ള ഒരു വീഡിയോ ആണ് ഇന്ന് സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. ഒരു ലിറ്റര്‍ പാലില്‍ ഒരു ബക്കറ്റോളം വെള്ളമാണ് ഒഴിച്ചത്. ഈ പാല്‍വെള്ളം വിതരണം ചെയ്തതാകട്ടെ 81 വിദ്യാര്‍ത്ഥികള്‍ക്കും. ഇതോടെ സര്‍ക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
യുപിയിലെ അവികസിത പ്രദേശങ്ങളില്‍ ഒന്നാണ് സോന്‍ഭദ്ര. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ ഒരു നേരത്തെ ഭക്ഷണത്തിന് ആശ്രയിക്കുന്നത് സ്കൂളുകളെയാണ്. ഈ കുട്ടികള്‍ക്കാണ് വെള്ളം ലോഡ് കണക്കിന് ഒഴിച്ച പാല് നല്‍കുന്നത്. ഇതോടെ സര്‍ക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിക്കെതിരെ സാമൂഹ്യ പ്രവര്‍ത്തകരും രംഗത്തെത്തി. ഗ്രാമ പഞ്ചായത്ത് അംഗമാണ് അമ്പരപ്പിക്കുന്ന വീഡിയോ ചിത്രീകരിച്ചത്.
ഭക്ഷണം തയ്യാറാക്കുന്ന സ്ത്രീ വലിയ അലുമിനിയം പാത്രത്തില്‍ ഒരു ലിറ്റര്‍ പാല് ചേര്‍ത്ത് ഇളക്കി തിളപ്പിച്ച ശേഷം കുട്ടികള്‍ക്ക് സ്റ്റീല്‍ ഗ്ലാസ്സുകളില്‍ പകര്‍ത്തി നല്‍കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഈ പ്രൈമറി സ്കൂളില്‍ 171 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഇതില്‍ 81 പേര്‍ക്കാണ് ‘പാല്‍വെള്ളം’ ലഭിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന ഉച്ചഭക്ഷണ പദ്ധതിയില്‍ വ്യാപക തട്ടിപ്പ് നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്ത് രണ്ട് മാസം കഴിയുമ്പോഴാണ് അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്.
സംഭവം ശ്രദ്ധയില്‍ പെട്ട അന്ന് തന്നെ കൂടുതല്‍ പാല് എത്തിച്ച് വിതരണം ചെയ്തെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. കൃത്യമായ അളവില്‍ പാല് എന്തുകൊണ്ട് കുട്ടികള്‍ക്ക് നല്‍കിയില്ല എന്നതിനെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. പാചകക്കാരി പറയുന്നത് ഒരു പാക്കറ്റ് പാല് മാത്രമാണ് നല്‍കിയതെന്നാണ്. കൂടുതല്‍ പാക്കറ്റ് പാല് ഉണ്ടായിരുന്നുവെന്ന് പാചകക്കാരിക്ക് അറിയില്ലായിരുന്നുവെന്ന് സ്കൂളിലെ അധ്യാപകനും പറയുന്നു.
Discussion about this post