സന്നിധാനം: ശബരിമല ക്ഷേത്രത്തിൽ സന്നിധാന ശുചീകരണത്തിന് എത്തിയ വിശുദ്ധി സേനാംഗം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തമിഴ്നാട് മധുര സുബ്രഹ്മണ്യപുരം പട്ടികജാതി കോളനിയിലെ ഗണേശൻ കാളിമുത്ത് (38) ആണ് മരിച്ചത്. ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഗണേശനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല.
ആദ്യം സന്നിധാനം ഗവ. ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷയ്ക്കു ശേഷം വെന്റിലേറ്റർ സഹായത്തോടെ പമ്പയിൽ എത്തിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മൂന്ന് ആശുപത്രികളിലും ഹൃദ്രോഗ വിദഗ്ധന്റെ സേവനം ലഭ്യമാക്കിയെങ്കിലും ജീവനപകടത്തിൽ ആവുകയായിരുന്നു.
പത്തനംതിട്ട ജില്ലാ കളക്ടറുടെ നിയന്ത്രണത്തിലുള്ള വിശുദ്ധി സേനയിലേക്ക് അയ്യപ്പ സേവാസംഘത്തിന്റെ സഹായത്തോടെയാണ് തമിഴ്നാട്ടിൽ നിന്ന് അംഗങ്ങളെ എത്തിച്ചത്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് അടൂർ ആർഡിഒയെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി.
Discussion about this post