ന്യൂയോര്‍ക്ക്: ബോളിവുഡ് താരം ഹൃത്വിക് റോഷനോട് ഭാര്യയ്ക്കുള്ള കടുത്ത ആരാധനയില്‍ അസൂയ മൂത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. ദിനേശ്വര്‍ ബുദ്ധിദത് (33) എന്നയാളാണ് ഭാര്യ ഡോണെ ഡോജോയി(27)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. അമേരിക്കയിലെ ക്വീന്‍സിലാണ് ദാരുണമായ സംഭവം നടന്നത്.
ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ കടുത്ത ആരാധികയായിരുന്നു ഡോണെ. ഈ ആരാധനയിലെ അസൂയ കാരണമാണ് ദിനേശ്വര്‍ ഡോണെയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ബാര്‍ ടെന്‍ഡറായി ജോലി നോക്കുകയായിരുന്നു ഡോണെ. ഡോണെക്ക് ഹൃത്വിക് റോഷനോടുള്ള ആരാധനയില്‍ ദിനേശ്വറിന് കടുത്ത അസൂയ ഉണ്ടായിരുന്നുവെന്ന് ഡോണെയുടെ സുഹൃത്തുക്കളും പറയുന്നു.
വീട്ടിലിരുന്ന് ഹൃത്വിക് റോഷന്റെ സിനിമകള്‍ കാണുകയോ പാട്ടുകള്‍ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ അത് നിര്‍ത്താന്‍ ഡോണെയോട് ദിനേശ്വര്‍ ആവശ്യപ്പെടുമായിരുന്നെന്നും സുഹൃത്ത് വെളിപ്പെടുത്തി. ഡോണെയെ കൊലപ്പെടുത്തിയ ശേഷം ദിനേശ്വര്‍, അക്കാര്യം ഡോണെയുടെ സഹോദരിക്ക് ഫോണ്‍ സന്ദേശം അയക്കുകയും ചെയ്തിരുന്നു. അപ്പാര്‍ട്മെന്റിന്റെ താക്കോല്‍ പൂച്ചട്ടിയുടെ ചുവട്ടിലുണ്ടെന്നും സന്ദേശത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ജൂലൈയിലാണ് ദിനേശ്വറും ഡോണെയും വിവാഹിതരായത്.
Discussion about this post