തിരുവനന്തപുരം: പിഎസ്സി പരീക്ഷ ഹാളുകളില്‍ മൊബൈല്‍ ഫോണ്‍, പഴ്സ്,വാച്ച് എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്റ്റേഷനറി, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയ്ക്കും നിരോധനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പരീക്ഷ നടത്തിപ്പില്‍ അടിമുടി മാറ്റം വേണമെന്ന നിര്‍ദേശം ക്രൈംബ്രാഞ്ച് മുന്നോട്ടുവച്ചിരുന്നു.
പരീക്ഷാ ഹാളുകളില്‍ എല്ലാതരം വാച്ചുകളും നിരോധിക്കണമെന്നും ഹാളുകളില്‍ നിരീക്ഷണത്തിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. പിഎസ്സി പരീക്ഷാത്തട്ടിപ്പ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശങ്ങള്‍.
ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷാ ഹാളുകളിലേക്ക് കടക്കുന്നതിന് മുന്‍പ് ശാരീരിക പരിശോധനകള്‍ വേണമെന്നും ആഭരണങ്ങളും ബെല്‍റ്റ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പരിശോധിക്കണമെന്നുമുള്ള നിര്‍ദേശങ്ങളും ക്രൈംബ്രാഞ്ച് മുന്നോട്ടുവച്ചിരുന്നു. ഉയര്‍ന്ന തസ്തിക പരീക്ഷയാണെങ്കില്‍ കേന്ദ്രത്തില്‍ വൈഫൈ/മൊബൈല്‍ ജാമര്‍ സ്ഥാപിക്കണമെന്നും നിര്‍ദേശങ്ങളിലുണ്ട്.
പിഎസ്സി പരീക്ഷാ ഹാളുകളില്‍ മൊബൈല്‍ ഫോണ്‍ കര്‍ശനമായി നിരോധിക്കുമെന്നും വാച്ച്, പഴ്സ്, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം അറിയിച്ചു. എയ്ഡഡ് സ്കൂളുകളിലെ നിയമനം പിഎസ്സിക്ക് വിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും നിയമനങ്ങളില്‍ സാമൂഹിക നീതി ഉറപ്പു വരുത്തണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post