ദുബായ്: യുഎഇ ഇന്ന് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരമാധികാരവും വിളിച്ചോതുന്ന ദേശീയപതാകദിനം ഇന്ന് ആചരിക്കുന്നു. ആഘോഷത്തിൽ പങ്കാളികളാവാൻ പൊതുജനങ്ങളോട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തു.
ഞായറാഴ്ച ഫ്ളാഗ് ഡേയുടെ ഭാഗമായി സ്കൂളുകളിലും ഓഫീസുകളിലും സ്ഥാപനങ്ങളിലും 11 മണിക്ക് ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ യുഎഇ ചതുർവർണ പതാകയുയർന്നു. പതാക സ്ഥാപിച്ച് വീടുകളും വാഹനങ്ങളും അലങ്കരിക്കുന്നതിനും പൗരന്മാർ ശ്രദ്ധിച്ചിരുന്നു. രാജ്യത്തെ പ്രധാന ഷോപ്പിങ് മാളുകൾ, പബ്ലിക് ലൈബ്രറികൾ, പൊതു മാർക്കറ്റുകൾ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിലും യുഎഇ ദേശീയപതാക ഉയർത്തി. എമറാത്തി പൗരന്മാർക്കൊപ്പം രാജ്യത്തെ താമസക്കാരും സന്ദർശകരും ഞായറാഴ്ച പതാക ദിനാഘോഷത്തിൽ പങ്കെടുത്തു.
രാജ്യത്തോട് ഒന്നടങ്കം ഫ്ളാഗ്ഡേയിൽ പങ്കാളികളാകാനും സ്കൂളുകൾ, ഓഫീസുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ 11 മണിക്ക് ദേശീയഗാനം മുഴങ്ങുമ്പോൾ ദേശീയപതാക ഉയർത്തണമെന്നും ശൈഖ് മുഹമ്മദ് ട്വീറ്റിലൂടെ ആഹ്വാനം ചെയ്തിരുന്നു. ശൈഖ് ഖലീഫ് ബിൻ സായിദ് ആൽ നഹ്യാൻ യുഎഇ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിന്റെ ഓർമ്മ പുതുക്കിയാണ് 2013 മുതൽ എല്ലാവർഷവും നവംബർ മൂന്നിന് യുഎഇ ഫ്ളാഗ് ഡേ ആചരിക്കുന്നത്.
Discussion about this post