തൃശ്ശൂര്‍: വയറ്റില്‍ കാന്‍സറെന്ന തെറ്റായ രോഗ നിര്‍ണ്ണയം നടത്തിയ വാടാനപ്പിള്ളിയിലെ സ്വകാര്യ ലാബിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി വീട്ടമ്മ. തൃശ്ശൂര്‍ വാടാനപ്പിള്ളി സ്വദേശിനി പുഷ്പലതയ്ക്കാണ് വയറ്റില്‍ കാന്‍സര്‍ ഉണ്ടെന്ന റിപ്പോര്‍ട്ട് നല്‍കിയത്. വയറില്‍ അസ്വാഭാവികമായ ഒരു തടിപ്പ് കണ്ടപ്പോഴാണ് പുഷ്പലത തൃത്തല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ കണ്ടത്.
ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ലാബിലെത്തി പരിശോധന നടത്തിയത്. ഫലത്തില്‍ വയറ്റില്‍ കാന്‍സര്‍ എന്നാണ് കാണിച്ചത്. റിപ്പോര്‍ട്ട് കണ്ടപ്പാടെ ഭയന്ന പുഷ്പലത തൃശ്ശൂരിലെ അമല കാന്‍സര്‍ സെന്ററില്‍ എത്തി ഡോ മോഹന്‍ദാസിനെ കണ്ടു. എന്നാല്‍ ലാബ് റിപ്പോര്‍ട്ടില്‍ സംശയമുണ്ടെന്നും ഒരിക്കല്‍ കൂടി പരിശോധിക്കണമെന്നും ഡോക്ടര്‍ പറയുകയായിരുന്നു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മറ്റൊരു ലാബില്‍ പരിശോധിച്ചപ്പോഴാണ് കാന്‍സര്‍ അല്ലെന്ന് തെളിഞ്ഞത്.
ആ മുഴ കൊഴുപ്പ് അടിഞ്ഞ് കൂടിയതായിരുന്നുവെന്ന് മറ്റൊരു റിപ്പോര്‍ട്ട് വരികയായിരുന്നു. ഇതേ തുടര്‍ന്നാണ് പുഷ്പലത നിയമനടപടിക്ക് ഒരുങ്ങുന്നത്. സ്വകാര്യ ലാബിന്റെ അനാസ്ഥ മൂലം കുടുംബം മുഴുവന്‍ അനുഭവിച്ചത് കടുത്ത മാനസികപ്രയാസമായിരുന്നു. ലാബിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ് പുഷ്പലതയുടെ കുടുംബം. അതേസമയം തെറ്റുപറ്റിയിട്ടില്ലെന്നാണ് ലാബ് അധികൃതരുടെ വാദം.
Discussion about this post