തിരുവനന്തപുരം: കേരളത്തിലെ അഞ്ച് ജില്ലകളില്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്ന റെഡ് അലേര്‍ട്ടുകള്‍ പിന്‍വലിച്ചു. നിലവില്‍ കേരളത്തില്‍ എവിടെയും റെഡ് അലേര്‍ട്ടുകള്‍ ഇല്ല. ഇപ്പോള്‍ ഇടുക്കി ജില്ലയില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നത്. പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ പകലില്‍ സംസ്ഥാനത്ത് എവിടെയും ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ നിഗമനം. അതേസമയം, നിലവില്‍ അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപത്തായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കുകയാണ്. അറബിക്കടലിലെ ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കരുതുന്നത്.
അതിനിടെ ആന്ധ്രാ- തമിഴ്നാട് തീരത്തോട് ചേര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം രൂപം കൊണ്ടത് കനത്ത മഴയ്ക്ക് കാരണമായേക്കും. തുലാമഴ തുടങ്ങിയതിന് ശേഷം 38 ശതമാനം അധികമഴയാണ് കേരളത്തില്‍ ലഭിച്ചിട്ടുള്ളത്.
അതേസമയം ഇന്നു വൈകുന്നേരം വരെ കേരളത്തില്‍ കനത്ത് മഴയ്ക്ക് സാധ്യത കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷകനായ രാജീവ് എരിക്കുളം പറഞ്ഞു. വൈകുന്നേരത്തിന് ശേഷം സാഹചര്യങ്ങള്‍ എങ്ങനേയും മാറാമെന്നും രാജീവ് കൂട്ടിച്ചേര്‍ക്കുന്നു.
Discussion about this post