ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനം എടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിലുള്ള കേസുകള്‍ സുപ്രീം കോടതിയിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഫേസ്ബുക്കിന്റെ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.
സര്‍ക്കാരിന്റെ ശരി തെറ്റുകളിലേക്കൊന്നും പോകുന്നില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ കേസുകള്‍ സുപ്രീം കോടതിയിലേയ്ക്ക് മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു.
എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹൈക്കോടതിയാണോ സുപ്രീം കോടതിയാണോ ഈ വിഷയത്തില്‍ തീരുമാനം എടുക്കേണ്ടതെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവര്‍ വ്യക്തമാക്കി.
ആധാര്‍ പോലുള്ള തിരിച്ചറിയല്‍ രേഖകള്‍ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുകള്‍ തുടങ്ങുന്നതിന് സമര്‍പ്പിക്കണമെന്നത് നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ടാണ് മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. കേസില്‍ കേന്ദ്രസര്‍ക്കാരിനും ഗൂഗിള്‍, ട്വിറ്റര്‍, യൂട്യൂബ് എന്നീ കമ്പനികള്‍ക്കും സുപ്രീം കോടതി നേരത്തെ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
Discussion about this post