തിരുവനന്തപുരം: തലസ്ഥാനത്തെ മേയര്‍ വികെ പ്രശാന്തിപ്പോള് വെറും മേയറല്ല, മേയര്‍ ബ്രോയാണ്. ഇത്തവണ പ്രളയത്തില്‍ മലബാര്‍ മുങ്ങിയപ്പോള്‍ മേയറുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്ന് പ്രളയബാധിത പ്രദേശങ്ങളിലേക്ക് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഒഴുകിയെത്തിയത് ലോഡ് കണക്ക് സാധനങ്ങളാണ്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്ന് മാത്രം 85 ലോഡ് സാധനങ്ങളാണ് ദുരന്തബാധിത പ്രശ്നങ്ങളിലേക്ക് എത്തിച്ചിരുന്നത്. ഇതോടെ തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിന് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ സ്നേഹവും പിന്തുണയുമാണ് ലഭിച്ചത്.
അതേസമയം, കോഴിക്കോട്ടേക്ക് അയച്ച ലോറിയെ കോഴിക്കോട്ടുകാര്‍ കാലിയാക്കിയല്ല തിരിച്ചയച്ചത്. മധുരം നിറഞ്ഞ സ്നേഹസമ്മാനവുമായാണ് വണ്ടി തലസ്ഥാനത്തേക്ക് തിരിച്ചത്.
കോഴിക്കോടിന്റെ സ്നേഹ സമ്മാനത്തെ കുറിച്ച് വികെ പ്രശാന്ത് തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. കോഴിക്കോട്ടെ ഏറെ പ്രശസ്തമായ കോഴിക്കോടന്‍ ഹല്‍വയാണ് കൊടുത്തയച്ചത്.
”ഞങ്ങള്‍ കയറ്റി അയച്ച സാധനങ്ങളെക്കാള്‍ ഭാരമുണ്ടിതിന്…സ്നേഹത്തിന്റെ ഭാരം
ഈ മധുരത്തിന് തിരുവനന്തപുരത്തിന്റെ നന്ദി അറിയിക്കുന്നു…” മേയര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Discussion about this post