തിരുവനന്തപുരം: ‘പുരസ്കാരം ഞാന്‍ സ്വീകരിക്കുന്നു, സമ്മാനത്തുക ആലത്തൂരിലെ വൃക്കരോഗികളുടെ ചികിത്സയ്ക്കായി നല്കുന്നു’ രമ്യാ ഹരിദാസ് എംപിയുടെ ഈ വാക്കുകള്‍ക്ക് നിലയ്ക്കാത്ത കരഘോഷമാണ് വേദിയില്‍ നിന്നും ലഭിച്ചത്. സി മോഹനചന്ദ്രന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ സമ്മോഹനം പുരസ്കാരം സ്വീകരിക്കുന്ന വേദിയിലാണ് നേതാവ് ഇപ്രകാരം പറഞ്ഞത്. കാല്‍ലക്ഷം രൂപയും നെഹ്റു, ഇന്ദിര, രാജീവ് ചിത്രങ്ങള്‍ പതിച്ച സ്ത്രീശാക്തീകരണ വികസന ശില്പവും അടങ്ങിയതായിരുന്നു സമ്മോഹനം പുരസ്കാരം.
അവാര്‍ഡുകള്‍ക്കൊപ്പം തനിക്കു ലഭിക്കുന്ന സമ്മാനത്തുക ആലത്തൂരിലെ സൗജന്യ ഡയാലിസിസ് കേന്ദ്രങ്ങളുടെ നടത്തിപ്പിനാണ് കൈമാറാറുള്ളതെന്നു പറഞ്ഞ രമ്യ, ഇത്തവണയും അതിനുള്ള അനുമതി തേടിക്കൊണ്ടാണ് വേദിവിട്ടത്. രമ്യാ ഹരിദാസിനെ അഭിനന്ദിക്കാന്‍ മറന്നില്ല മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടി.
‘പാട്ടുംപാടി ജയിക്കും’ എന്ന പ്രയോഗം യാഥാര്‍ത്ഥ്യമാക്കിയ മിടുക്കിയാണ് രമ്യാ ഹരിദാസെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ഗാന്ധി കണ്ടെത്തിയ നേതാക്കളിലൊരാളാണ് രമ്യ. ആലത്തൂരില്‍നിന്ന് ജനകീയാംഗീകാരംകൂടി നേടിയപ്പോള്‍ രമ്യ തന്റെ കഴിവുതെളിയിച്ചുവെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
Discussion about this post