കൊല്‍ക്കത്ത: കര്‍ണാടകയ്ക്കും, ഗോവയ്ക്കും പിന്നാലെ ഓപ്പറേഷന് താമര പശ്ചിമ ബംഗാളിലും നടപ്പാക്കി ബിജെപി. ബംഗാളിലെ വിവിധ പാര്‍ട്ടികളില്‍പ്പെട്ട 107 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായിട്ടിട്ടുണ്ടെന്ന് ബംഗാളിലെ ബിജെപി നേതാവ് മുകുള്‍ റോയ് അറിയിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്നുള്‍പ്പടെയുള്ള 107 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും. ബിജെപിക്കൊപ്പം ചേരാന്‍ സന്നദ്ധരായ എംഎല്‍എമാരുടെ പട്ടിക തയ്യാറാക്കി കഴിഞ്ഞു. അവരുമായി ഞങ്ങള്‍ നിരന്തരസമ്പര്‍ക്കം പുലര്‍ത്തുകയാണ് – മുകുള്‍ റോയ് വ്യക്തമാക്കി.
പശ്ചിമ ബംഗാള്‍ നിയമസഭയിലെ ആകെയുള്ള 294 സീറ്റുകളില്‍ വേറും 12 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന് 207 സീറ്റും കോണ്‍ഗ്രസിന് 43 സീറ്റും സിപിഎമ്മിന് 23 സീറ്റുമാണ് ഉള്ളത്. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ ആകെയുള്ള 42 സീറ്റുകളില്‍ 18 എണ്ണം ബിജെപി ജയിച്ചിരുന്നു. കോണ്‍ഗ്രസിനേയും സിപിഎമ്മിനേയും മറികടന്നായിരുന്നു ഈ വിജയം.
ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയിലേക്ക് അഞ്ച് ത്രിണമൂല്‍ എംഎല്‍എമാരാണ് ചേക്കെറിയത്. കൂടാതെ ത്രിണമൂലിന്റെ 105 കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ എത്തിയെന്നാണ് ബിജെപി അവകാശപ്പെടുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പല പാര്‍ട്ടികളില്‍ നിന്നായി പല എംപിമാരും എംഎല്‍എമാരും ബിജെപിയിലേക്ക് ചേക്കേറുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി നരേന്ദ്ര മോഡി ബംഗാളില്‍ വന്നപ്പോള്‍ 40 ത്രിണമൂല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് അവകാശപ്പെട്ടിരുന്നു. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാള്‍ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ദേശീയഅധ്യക്ഷന്‍ അമിത് ഷായുടെ കീഴില്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് ബിജെപി.
Discussion about this post