തിരുവനന്തപുരം: തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജിലെ ഒരു സൈക്കിള്‍ പത്ത് മീറ്ററെങ്കിലും ഓടിച്ചാല്‍ 500 രൂപയാണ് സമ്മാനമായി ലഭിക്കുക. കേട്ടാല്‍ എളുപ്പമായി തോന്നാം, പക്ഷേ സംഗതി എളുപ്പമല്ല. നിസാരമെന്ന് കരുതി ചവിട്ടാന്‍ തുടങ്ങുമ്പോഴാണ് അറിയുക വിചാരിക്കും പോലെ അല്ല കാര്യങ്ങളെന്ന്. ഇടത്തോട്ട് തിരിച്ചാല്‍ ഈ സൈക്കിള്‍ തിരിയുക വലത്തോട്ട് ആയിരിക്കും. അതാണ് ഇതിന്റെ പ്രത്യേകതയും.
രണ്ടായിരത്തിലധികം പേര് ഈ വെല്ലുവിളി ഏറ്റെടുത്തിട്ടുണ്ട്, പക്ഷേ സൈക്കിളില്‍ അഞ്ച് മീറ്റര്‍ പോലും സഞ്ചരിക്കാന്‍ ആയിട്ടില്ല. എന്നാല്‍ സൈക്കിളിന്റെ ഉടമയായ ഈ കോളേജിലെ വിദ്യാര്‍ത്ഥി മുഹമ്മദ് മുസാദിഖ് കോഴിക്കോട്ടുനിന്ന് തിരുവനന്തപുരം വരെ ഈ സൈക്കിളില്‍ 504 കിലോമീറ്റര്‍ ദൂരം ഒരപകടവും കൂടാതെ സഞ്ചരിക്കുകയും ചെയ്തു. ഇത് ഗിന്നസ് ബുക്ക് റെക്കോഡിന്റെ പരിഗണനയിലാണ്.
സൈക്കിള്‍യാത്ര പ്രോത്സാഹിപ്പിക്കുന്നതിനായി രൂപംകൊണ്ട തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജിലെ സൈക്ലിങ് ക്ലബ്ബിലെ അംഗം കൂടിയാണ് മുസാദിഖ്. ഇയാള്‍ മലപ്പുറം വേങ്ങര സ്വദേശിയാണ്. മെക്കാനിക്കല്‍ എന്‍ജിനീയറിങിലെ നാലാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ കോളേജില്‍ നടന്ന ടെക്ക് ഫെസ്റ്റിലാണ് മുസാദിഖ് ഈ സൈക്കിള്‍ ആദ്യമായി അവതരിപ്പിച്ചത്.
ഏഴായിരം രൂപയ്ക്കു വാങ്ങിയ സൈക്കിള്‍ 1500 രൂപ മുടക്കിയാണ് കോളേജിലെ മെക്കാനിക്കല്‍ വര്‍ക്ക്ഷോപ്പില്‍ കയറ്റി ഈ വിധം ആക്കി എടുത്തത്. ശേഷം ബ്രെയിന്‍ സൈക്കിള്‍ എന്ന പേരും നല്കി. പലപ്പോഴും വീണു, അപ്പോഴും ആത്മവിശ്വാസം മുറുകെ പിടിച്ച് സൈക്കിളിനെ നിയന്ത്രിക്കുന്നത് കൈവശമാക്കി. മുസാദിഖിന് ഇപ്പോള്‍ ബ്രെയിന്‍ സൈക്കിള്‍ ഒരു ഹരമാണ്.
Discussion about this post