കൊച്ചി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച് കൊണ്ട് സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ സംസ്ഥാനത്ത് നടന്ന അക്രമങ്ങളും പ്രതിഷേധങ്ങളും ചെറുതല്ല. ആ സമരമുഖത്ത് മുന്‍പന്തിയില്‍ ഉണ്ടായതാകട്ടെ ബിജെപിയും. സ്ത്രീപ്രവേശനം സാധ്യമായതോടെ വന്‍ പ്രക്ഷോഭമാണ് ബിജെപി സ്വീകരിച്ചത്. ഒരു ഭീകരാന്തരീക്ഷം വരെ സൃഷ്ടിക്കാന്‍ ബിജെപി ശ്രമം നടത്തിയെന്ന് തന്നെ പറയാം.
ഇപ്പോള്‍ സംസ്ഥാനത്തെ ബിജെപി ഘടകത്തിന് തലവേദന പിടിപ്പിച്ചിരിക്കുകയാണ് കേന്ദ്രം. ശബരിമല വിഷയത്തില്‍ തല്ക്കാലം നിയമനിര്മ്മാണമില്ലെന്നാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്ന നിലപാട്. ഇന്നലെ നിയമസഭയിലാണ് ഓര്‍ഡിനന്‍സ് ഇറക്കില്ലെന്ന് കേന്ദ്രം അറിയിച്ചത്. എന്നാല്‍ ആ പ്രസ്താവനയിലും ന്യായീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ശബരിമലയില്‍ സര്‍ക്കാര്‍ പുനഃപരിശോധനാ വിധി കാത്തിരിക്കുന്നു എന്നാണ് നിയമമന്ത്രി പറഞ്ഞതിന്റെ പച്ചമലയാളം എന്ന് നേതാവ് അവകാശപ്പെടുന്നു.
ഫേസ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ ന്യായീകരണം എത്തിയത്. ആചാരസംരക്ഷണത്തിന് ലോക്സഭയില്‍ എന്‍കെ പ്രേമചന്ദ്രന് സ്വകാര്യബില്‍ അവതരിപ്പിച്ചിരുന്നു. ശബരിമല യുവതി പ്രവേശനം തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന ആവശ്യം വിവിധ സംഘടനകള്‍ ശക്തമായി ഉന്നയിക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് കെ സുരേന്ദ്രന്റെ കുറിപ്പ് എത്തിയത്. ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചതില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന നേതാവ് ആയിരുന്നു കെ സുരേന്ദ്രന്. പ്രതിഷേധ പ്രകടനത്തെ തുടര്‍ന്ന് നേതാവ് അറസ്റ്റിലാവുകയും ചെയ്തിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ശബരിമലയില്‍ സര്‍ക്കാര്‍ പുനപ്പരിശോധനാ വിധി കാത്തിരിക്കുന്നു എന്നാണ് നിയമമന്ത്രി പറഞ്ഞതിന്റെ പച്ചമലയാളം. അതിനര്‍ത്ഥം നിയമനിര്‍മ്മണം അജണ്ടയിലേ ഇല്ലെന്ന് വ്യാഖ്യാനിക്കുന്നത് ഏതായാലും സദുദ്ദേശപരമല്ല. പുനപ്പരിശോധനാ വിധി വരുന്നതുവരെ കാത്തിരിക്കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് തികച്ചും സ്വാഭാവികമായ കാര്യം. അതിന് മുമ്പ് തരൂര്‍ ശശിയും ആന്റോ ആന്റണിയും ബെന്നി ബഹനാനും ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസുമൊക്കെ ചേര്‍ന്ന് ശബരിമലയെ സംരക്ഷിച്ചുകളയുമെങ്കില്‍ നല്ല കാര്യം. കണക്കിന് അവരാണല്ലോ യഥാര്‍ത്ഥ ‘ആചാരസംരക്ഷകര്‍’….
Discussion about this post