ബെര്‍മിങ്ഹാം: ഇന്ന് ലോകകപ്പില്‍ ഏഷ്യന്‍ പോരാട്ടം. സെമി അരക്കിട്ട് ഉറപ്പിക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ കരുത്ത് കാണിച്ച് ഇന്ത്യയെ ഞെട്ടിക്കാനാണ് ബംഗ്ലാദേശിന്റെ ശ്രമം.
തുടരെയുള്ള വിജയങ്ങളുമായി മുന്നോട്ട് കുതിച്ച ഇന്ത്യയെ ഇംഗ്ലണ്ട് കഴിഞ്ഞ മത്സരത്തില്‍ നിലംതൊടാതെ പറത്തിയിരുന്നു. 31 റണ്‍സിനാണ് ഇന്ത്യ ടൂര്‍ണമെന്റിലെ ആദ്യ തോല്‍വി സ്വന്തമാക്കിയത്.
ഏകതോല്വിക്ക് പിന്നാലെ എത്തുന്ന ഈ മത്സരത്തില്‍ ഇന്ത്യയെ വിറപ്പിക്കാനാണ് മഷ്റഫ് മൊര്ത്താസയുടെയും സംഘത്തിന്റെയും ലക്ഷ്യം. മുമ്പത്തെ പോലെ ലോകവേദിയില്‍ അപരിചിതരായ ടീമല്ല ബംഗ്ലാദേശ്. ഏഷ്യന്‍ കരുത്തരുടെ പട്ടികയിലേക്ക് വിജയങ്ങളോടെ ചുവടുവെച്ച് കഴിഞ്ഞിട്ടുണ്ട് ടീം.
അതേസമയം, ബാക്കിയുള്ള രണ്ട് മത്സരങ്ങളില്‍ ഒരു വിജയം മാത്രം മതി ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാന്‍. അതുകൊണ്ടു തന്നെ സമ്മര്‍ദ്ദങ്ങളില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍, ബംഗ്ലാദേശിന് സെമി സാധ്യത നിലനിര്‍ത്താന്‍ ഇന്ന് വിജയം അനിവാര്യമാണ്. ഇക്കാരണത്താല്‍ ബംഗ്ലാ കടുവകളെ വിലകുറച്ചു കാണാനുമാകില്ല. താരതമ്യേനെ കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാനോട് അവസാന നിമിഷം വരെ മുട്ടുവിറച്ച ഇന്ത്യയെ പരാജയപ്പെടുത്തുക വെറും സ്വപ്നമല്ലെന്നാണ് ബംഗ്ലാദേശിന്റെ കണക്കുകൂട്ടല്‍.
ലോകകപ്പില്‍ അവസാനം ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയോട് 109 റണ്‍സിന് തോല്‍ക്കാനായിരുന്നു ബംഗ്ലാദേശിന്റെ വിധി. 2007ലും 2011ലും മാത്രമാണ് ലോകകപ്പ് വേദിയില്‍ ഇരുവരും ഏറ്റുമുട്ടിയിട്ടുള്ളത്. ആദ്യത്തെ മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കിയ അയല്ക്കാരു കൂടിയാണ് ബംഗ്ലാ ടീം.
ഇന്ത്യയുടെ എല്ലാ ബലഹീനതകളും അറിയുന്ന, തുടര്‍വിജയങ്ങള്‍ മാത്രം ലക്ഷ്യമിടുന്ന ബംഗ്ലാദേശിന് ഇത് മുതലെടുക്കാമെന്ന പ്രതീക്ഷയാണുള്ളത്. മധ്യനിരയാണ് ഇന്ത്യയുടെ വീക് പോയിന്റ്. നാലാം നമ്പറിലെ ഇന്ത്യയുടെ അനിശ്ചിതത്വവും തിരിച്ചടിയാണ്.
കണക്കുകൂട്ടലുകള്‍ക്ക് അപ്പുറത്തായിരിക്കും പലപ്പോഴും മത്സരഫലം. അവസാന വിജയം ഇന്ത്യയ്ക്ക് ആണെങ്കിലും ബംഗ്ലാദേശിനാണെങ്കിലും ആവേശത്തിന് ഒട്ടും കുറവുണ്ടാവില്ലെന്ന് ഉറപ്പാണ്. എഡ്ബാസ്റ്റണില്‍ ഇന്ന് രണ്ട് മണിക്ക് മത്സരം ആരംഭിക്കൂവെങ്കിലും ഇരുടീമുകളുടേയും ആരാധകരുടെ ഏറ്റുമുട്ടല്‍ സോഷ്യല്‍മീഡിയയില്‍ ആരംഭിച്ചുകഴിഞ്ഞു.
Discussion about this post