ലണ്ടന്‍: പരിക്ക് വീണ്ടും ടീം ഇന്ത്യയ്ക്ക് വില്ലനാകുന്നു. ശിഖര്‍ ധവാന് പിന്നാലെ മറ്റൊരു താരം കൂടി പരിക്കേറ്റ് ലോകകപ്പ് സ്ക്വാഡില്‍ നിന്നും പുറത്ത്. ഓള്‍റൗണ്ടര്‍ വിജയ് ശങ്കറാണ് ടീമില്‍ നിന്നും പുറത്തായിരിക്കുന്നത്. കാല് വിരലിനേറ്റ പരിക്കാണ് വിജയ് ശങ്കറിന് തിരിച്ചടിയായത്. കൂടാതെ, ഇതുവരെയുള്ള മത്സരങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെയ്ക്കാനും താരത്തിനായിരുന്നില്ല. ബാറ്റ്സ്മാന് മായങ്ക് അഗര്‍വാള്‍ ടീമില്‍ പകരക്കാരനായി എത്തുമെന്നാണ് സൂചന.
നേരത്തേ ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ കൈവിരലിനു പരിക്കേറ്റ് ഓപ്പണര്‍ ശിഖര്‍ ധവാന് ടീമില്‍ നിന്നും പുറത്തായിരുന്നു. മികച്ച ഫോമില്‍ നില്‍ക്കെ ധവാന് പുറത്തുപോയത് ടീമിന് തിരിച്ചടിയായിരുന്നു. പകരം സ്റ്റാന്‍ഡ് ബൈ താരമായ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് റിഷഭ് പന്തിന് ടീമില്‍ അവസരം ലഭിക്കുകയും ചെയ്തു.
കഴിഞ്ഞമത്സരത്തില്‍ റിഷഭ് ഇന്ത്യയ്ക്കായി ജേഴ്സിയണിഞ്ഞിരുന്നു. വിജയ് ശങ്കറെ ഒഴിവാക്കിയായിരുന്നു പന്തിന്റെ ലോകകപ്പ് അരങ്ങേറ്റം. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെ വിജയ് ശങ്കറിന് പരിക്കേല്‍ക്കുകയായിരുന്നു എന്നാണ് സൂചന. ടീമിനായി വേണ്ടവിധത്തില്‍ ശോഭിക്കാനാകാതെ വന്നതോടെ തമിഴ്നാട് താരമായ വിജയ് ശങ്കറിനെതിരെ ആരാധകരും തിരിഞ്ഞിരുന്നു. ഇതിനിടെയാണ് പരിക്കും താരത്തിനെ അലട്ടിയത്.
അതേസമയം, വിജയ് ശങ്കറിനു പകരമെത്തുന്ന അഗര്‍വാള്‍ ഇതുവരെ ഏകദിന അന്താരാഷ്ട്ര മത്സരങ്ങളൊന്നും തന്നെ കളിച്ചിട്ടില്ല. കര്‍ണാടകയുടെ ഓപ്പണിങ് ബാറ്റ്സ്മാനാണ് അഗര്‍വാള്‍. ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ കഴിഞ്ഞവര്‍ഷം അരങ്ങേറ്റം കുറിച്ചിരുന്നു.
Discussion about this post