കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് അനധികൃതമായി ടെലിവിഷന്‍ സ്ഥാപിച്ച് കൊടുത്ത സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ട് കെ വിനോദന്‍, അസി. പ്രിസണ്‍ ഓഫിസര്‍ എംകെ ബൈജു, ഗേറ്റ്കീപ്പര്‍ വിടികെ രവീന്ദ്രന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
ജയിലില്‍ തടവുകാര്‍ക്ക് ടെലിവിഷന്‍ സ്ഥാപിച്ച് നല്കിയ സംഭവത്തെ കുറിച്ച് ദക്ഷിണമേഖല ജയില്‍ ഡിഐജി അന്വേഷണം നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയില്‍ മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് ടിവി വാങ്ങിയ സംഭവം. സിപിഐഎം തടവുകാര്‍ ഒന്നിച്ചു കഴിയുന്ന ഒന്നാം ബ്ലോക്കില്‍ ജയില്‍ വകുപ്പു മേധാവിയുടെ അനുമതിയില്ലാതെ രഹസ്യമായി പിരിവെടുത്ത് ടെലിവിഷന്‍ വാങ്ങിച്ച് കൊടുക്കുകയായിരുന്നു.
നിലവില്‍ സെന്‍ട്രല്‍ ജയിലില്‍ എല്ലാ ബ്ലോക്കുകളിലും ടിവി ഉണ്ടെങ്കിലും 200ഓളം തടവുകാര്‍ കഴിയുന്ന മൂന്നാം ബ്ലോക്കില്‍ ഒരു ടിവി കൂടി വേണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തടവുകാര്‍ ആവശ്യമായ പണം വീട്ടിലേക്ക് അയക്കുകയും പണം ശേഖരിച്ച് ടിവി വാങ്ങാന്‍ ജയിലിനു പുറത്ത് ഒരാളെ ചുമതലപ്പെടുത്തുകയുമായിരുന്നു.
Discussion about this post