കോട്ടയം: കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ തിരഞ്ഞെടുത്ത നടപടിക്ക് സ്റ്റേ. ജോസഫ് വിഭാഗത്തിലെ രണ്ട് നേതാക്കള്‍ നല്കിയ ഹര്‍ജിയിലാണ് തൊടുപുഴ മുന്‍സിഫ് കോടതി സ്റ്റേ അനുവദിച്ചത്. ചെയര്‍മാനെ തെരഞ്ഞെടുത്തതിനും ജോസ് കെ മാണി തല്‍സ്ഥാനത്ത് തുടരുന്നതിനുമാണ് കോടതിയുടെ സ്റ്റേ.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫന്‍, മനോഹരന് നടുവിലത്ത് എന്നിവരാണ് ഹര്‍ജിനല്‍കിയത്. ഇന്നലെ കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്റര്‍ ഹാളില്‍ നടന്ന ബദല്‍ സംസ്ഥാന സമിതി യോഗത്തിലാണ് കേരള കോണ്‍ഗ്രസിന്റെ(എം) പുതിയ ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തത്. ഐകകണ്ഠ്യേനെയായിരുന്നു ജോസ് കെ മാണിയുടെ സ്ഥാനാരോഹണം. 437 അംഗ സംസ്ഥാന സമിതിയില്‍ 325 പേരും പങ്കെടുത്തെന്ന് ജോസ് പക്ഷം അറിയിച്ചിരുന്നു. സംസ്ഥാന സമിതി തീരുമാനത്തില്‍ കെഎം മാണിയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകുമെന്നായിരുന്നു റോഷി അഗസ്റ്റിന് എംഎല്‍എയുടെ പ്രതികരണം.
പാര്‍ട്ടി ഘടകങ്ങളില്‍ മുന്‍തൂക്കം ജോസ് വിഭാഗത്തിനാണ്. സംസ്ഥാന കമ്മിറ്റി (450), സ്റ്റിയറിങ് കമ്മിറ്റി (111), ഉന്നതാധികാര സമിതി (29), പാര്‍ലമെന്ററി പാര്‍ട്ടി (എംഎല്‍എ, എംപി) എന്നിവയില്‍ ഭൂരിപക്ഷമുണ്ട്. ചെയര്മാന് സ്ഥാനത്തില്‍ കുറഞ്ഞതൊന്നും താന്‍ അര്‍ഹിക്കുന്നില്ല എന്ന പക്ഷമായിരുന്നു ജോസ് കെ മാണിയുടേത്.
Discussion about this post