മുംബൈ: 37ാമത്തെ വയസില്‍, 40 രാജ്യാന്തര ടെസ്റ്റുകള്‍ക്കും 304 ഏകദിനങ്ങള്‍ക്കും 58 ട്വന്റി-ട്വന്റിക്കും പിന്നാലെ ഇന്ത്യയുടെ 2011ലെ ലോകകപ്പ് ഹീറോ യുവരാജ് സിങ് ക്രിക്കറ്റ് ബാറ്റ് താഴെ വെച്ചിരിക്കുകയാണ്. താരം ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചു. ഏകദിനത്തില്‍ 8701 റണ്‍സ് അടിച്ചെടുത്ത താരം 2000ലാണ് ഇന്ത്യന്‍ ടീമിനായി അരങ്ങേറ്റം കുറിച്ചത്. 2017ലായിരുന്നു അവസാന രാജ്യാന്തര മത്സരം.
വെടിക്കെട്ട് ബാറ്റിങിന്റെ മാത്രമല്ല, സ്റ്റൈലിഷ് ക്രിക്കറ്റിന്റെ കൂടി പ്രതിരൂപമാണ് ഇന്ത്യക്കാര്‍ക്ക് യുവി. യുവതാരങ്ങളില്‍ സിങ്കക്കുട്ടിയായാണ് ആരാധകര്‍ താരത്തെ പരിഗണിച്ചിരുന്നതും. 17 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച് യുവി വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ താരം ഇന്ത്യക്കായി നേടിയെടുത്ത നേട്ടങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ഓരോ ആരാധകനും.
2011ല്‍ ഇന്ത്യ സ്വന്തമാക്കിയ ലോകകപ്പില്‍ യുവരാജിന്റെ പ്രകടനം ഒരു ഇന്ത്യക്കാരന് മറക്കുകയെങ്ങനെ. ആ ടൂര്‍ണമെന്റില്‍ മാത്രം 362 റണ്‍സെടുത്ത് 15 വിക്കറ്റും വീഴ്ത്തി 4 മാന്‍ ഓഫ് ദ് മാച്ച് നേട്ടവും പ്ലേയര്‍ ഓഫ് ദ ടൂര്‍ണമെന്റ് നേട്ടവും കൈപ്പിടിയിലൊതുക്കി താരം അമ്പരപ്പിച്ചു. 2007ലെ ലോകകപ്പ് ട്വന്റി-ട്വന്റി ടൂര്‍ണമെന്റില്‍ ഓസ്ട്രേലിയയ്ക്കെതിരായ ത്രസിപ്പിക്കുന്ന വിജയം ഇന്ത്യയ്ക്ക് സമ്മാനിച്ചത് യുവരാജിന്റെ കൂടി കരുത്തിലായിരുന്നു.
ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡെറിഞ്ഞ ആറ് പന്തിലും സിക്സറടിച്ച് ആരാധകരെ കോരിത്തരിപ്പിച്ച ആ ഒറ്റ ഇന്നിങ്സ് മതി യുവരാജിന്റെ വീറും വാശിയും ക്രിക്കറ്റിനോടുള്ള പ്രണയവും മനസിലാക്കാന്‍. 2011ലെ ലോകകപ്പിന് ശേഷം കാന്‍സറിനോടും പൊരുതി ജീവിതത്തിന്റെ പുതിയ ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത് ലോകത്തിന് തന്നെ പ്രചോദനമാകാനും യുവരാജിന് സാധിച്ചു. കളിക്കളത്തിലേക്ക് തിരിച്ചെത്തിയ യുവരാജിന് പക്ഷെ, പണ്ടത്തെ യുവിയായി ശോഭിക്കാന്‍ സാധിച്ചില്ല. എങ്കിലും ഐപിഎല്ലില്‍ ഉള്‍പ്പടെ ആരാധകരുടെ പ്രിയതാരം തന്നെയായിരുന്നു യുവി. ഒടുവില്‍ അവസാനിച്ച ഐപിഎല്‍ സീസണില്‍ യുവരാജ് മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു.
അതേസമയം, ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ ലോകകപ്പില്‍ മികച്ച വിജയങ്ങള്‍ കൊയ്യുന്നതിനിടെയാണ് യുവിയുടെ വിരമിക്കല്‍ പ്രഖ്യാപനമെന്നതും ശ്രദ്ധേയമായി.
Discussion about this post