കോട്ടയം: ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ ക്ലീന്‍ റിപ്പോര്‍ട്ട്.
വെന്റിലേറ്റര്‍ ഇല്ലാത്തതിനാല്‍ പ്രത്യേക വാര്‍ഡിലേക്ക് മാറ്റാന്‍ സാധിക്കുമോ എന്ന് അന്വേഷിക്കുന്നതിനിടെ ബന്ധുക്കള്‍ രോഗിയുമായി തിരികെ പോയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉച്ചയ്ക്ക് രണ്ട് മണിക്കെത്തിയവര് 17 മിനിറ്റുകള്‍ക്കകം തിരികെപ്പോയി. രോഗി മരിച്ചതില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ല. വെന്റിലേറ്റര്‍ ഒഴിവുണ്ടോയെന്ന് അന്വേഷിക്കാതെയാണ് രോഗിയെ എത്തിച്ചത്. ഇക്കാര്യത്തില്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി വീഴ്ചവരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രോഗിയുടെ കൂടെ വന്നവര്‍ പനിയാണെന്ന് മാത്രമാണ് അത്യാഹിത വിഭാഗത്തില്‍ അറിയിച്ചത്. വെന്റിലേറ്റര്‍ സൗകര്യം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിലവില്‍ വെന്റിലേറ്റര്‍ സൗകര്യം ഇല്ലെന്ന മറുപടിയാണ് ആശുപത്രിയിലെ പിആര്‍ഒ നല്‍കിയത്.
എന്നാല്‍, രോഗിയെ ആദ്യം പരിശോധിച്ച ആശുപത്രിയില്‍ നിന്ന് എച്ച്1 എന്‍1 സംശയിക്കുന്നതായി ഡിസ്ചാര്‍ജ് നോട്ടില്‍ കുറിച്ചിരുന്നു. ഇത് കണക്കിലെടുത്ത് നിപ വാര്‍ഡില്‍ രോഗിക്കായി സൗകര്യങ്ങള്‍ ഒരുക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നതിനിടെ ബന്ധുക്കള്‍ രോഗിയുമായി പോയെന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
രോഗി ആംബുലന്‍സില്‍ ഉണ്ടെന്ന കാര്യം ബന്ധുക്കള്‍ അറിയിച്ചില്ല. ആംബുലന്‍സില്‍ ഉണ്ടായിരുന്ന നഴ്സ് വന്ന് രോഗിയുടെ അവസ്ഥ മോശമാണെന്ന് പറയുമ്പോഴാണ് രോഗിയുമായാണ് എത്തിയതെന്ന് അറിയുന്നത്. ഇതോടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കുന്നതിനിടെ ബന്ധുക്കള്‍ രോഗിയുമായി അടുത്ത ആശുപത്രിയിലേക്ക് പോയെന്നും സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്.
Discussion about this post