ചെന്നൈ: തമിഴ്നാട്ടിലെ പുതിയ പാഠപുസ്തകങ്ങള്‍ വിവാദത്തിലേക്ക്. തമിഴ് കവി ഭാരതിയാറുടെ ടര്ബന് വെള്ളയില്‍ നിന്ന് കാവിയിലേക്ക് മാറ്റിയിരിക്കുന്നു. ഈ പുതിയ പരിഷ്കാരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിഎംകെ. സാധാരണ ഭാരതീയാറുടെ ചിത്രങ്ങളിലെല്ലാം വെളുത്ത ടര്ബന് ആണ് കാണാറുള്ളത്. എന്നാല്‍ ഇത്തവണ അദ്ദേഹത്തെ കാവി ധരിപ്പിക്കുകയായിരുന്നു.
‘കാവി ടര്ബന് ധരിച്ച് ഭാരതിയാരെ ആരെങ്കിലും എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?’ മുന്‍ വിദ്യാഭ്യാസ മന്ത്രിയും ഡിഎംകെ എംഎല്‍എയുമായ തങ്കം തെന്നരസു ചോദിക്കുന്നു. ‘ഭാരതിയാരെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്തമായൊരു ഇമേജ് നല്‍കാനുള്ള ശ്രമമാണിത്.’തമിഴ്നാട്ടിലെ പാഠപുസ്തകങ്ങളെ കാവിവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും തെന്നരസു ആരോപിച്ചു.
പുസ്തകം റിലീസ് ചെയ്തത് തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി കെഎ സെന്ഗോട്ടെയാനും വിദ്യാഭ്യാസ സര്‍വ്വീസ് കോര്പ്പറേഷന് ചെയര്‍ പേഴ്സണ്‍ ബി വളര്‍മതിയുമാണ്. സംസ്ഥാന സര്‍ക്കാര്‍ റിലീസ് ചെയ്ത പുസ്തകമാണിതെന്നും അതില്‍ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ചോദ്യമുദിക്കുന്നില്ലെന്നും വളര്‍മതി പറഞ്ഞു.’അബദ്ധം സംഭവിച്ചതാണെങ്കില്‍ ഇക്കാര്യം പരിശോധിക്കുകയും തിരുത്തുകയും ചെയ്യും.’ വളര്‍മതി പറഞ്ഞു.
ഇതാദ്യമായാണ് ഭാരതിയാരെ കാവി ടര്‍ബനില്‍ ചിത്രീകരിക്കുന്നതെന്ന് തമിഴ്നാട്ടിലെ ഒരു സര്‍ക്കാര്‍ സ്കൂള്‍ അധ്യാപികയും പറഞ്ഞു. ‘വര്‍ഷങ്ങളായി ഞാന്‍ തമിഴ് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നുണ്ട്. കാവി ടര്‍ബനില്‍ ഭാരതിയാരുടെ ചിത്രം ഇതുവരെ കണ്ടിട്ടില്ല.’ അവര്‍ പറഞ്ഞു.
Discussion about this post