മധുര: വിനോദയാത്രക്ക് പോയ കുടുംബശ്രീ ബസ് മറിഞ്ഞ് മൂന്നു പേര് മരിച്ചു. തമിഴ്നാട് മധുരയിലാണ് അപകടം നടന്നത്. മരിച്ച മൂവരും പാലക്കാട് കൊടുവായൂര്‍ സ്വദേശികളാണ്.
ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. യാത്രക്കിടെ ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
മൊത്തം 35 പേര് ബസിലുണ്ടായിരുന്നുവെന്നാണ് സൂചന. പരിക്കേറ്റ യാത്രക്കാരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.
പാലക്കാട് കൊടുവായൂര്‍ സ്വദേശികളായ സരോജിനി (65) പെട്ടമ്മാള്‍ (68) കുനിശ്ശേരി സ്വദേശി നിഖില (8) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മധുര, രാമേശ്വരം എന്നീ സ്ഥലങ്ങളിലേക്ക് കുടുംബശ്രീ അംഗങ്ങള്‍ ഉല്ലാസയാത്രപുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്.
സംഭവത്തെ തുടര്ന്ന്അപകടത്തില്പ്പെട്ടവരുടെ ബന്ധുക്കള്‍ മധുരയിലേക്ക് തിരിച്ചു. രാമേശ്വരം സന്ദര്‍ശിച്ച ശേഷമാണ് സംഘം മധുര ലക്ഷ്യമായി യാത്ര ചെയ്തത്. എന്നാല്‍ നഗരത്തിലേക്ക് കടക്കുന്നതിന് മുന്‍പ് തന്നെ ബസ് അപകടത്തില്‍ പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Discussion about this post