ദുബായ്: രാജകീയ വിവാഹത്തിനൊരുങ്ങി ദുബായ്. ദുബായ് കിരീടാവകാശിയുടെയും സഹോദരങ്ങളുടെയും വിവാഹത്തിനാണ് ഈ പെരുന്നാള്‍ അവധിക്കാലം സാക്ഷ്യംവഹിക്കുന്നത്.
ജൂണ്‍ ആറിനാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂന്ന് പുത്രന്മാരുടെ വിവാഹം. നേരത്തെ മേയ് 15ന്, സ്വകാര്യ ചടങ്ങില്‍ വെച്ച് ഇസ്ലാമിക രീതിയിലുള്ള വിവാഹ ചടങ്ങുകളും വിവാഹ കരാറില്‍ ഒപ്പുവെയ്ക്കലും നടന്നിരുന്നു.
ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ അധ്യക്ഷനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (36) ശൈഖ ശൈഖ ബിന്ത് സഈദ് ബിന്‍ ഥാനി അല്‍ മക്തൂമിനെയാണ് ജീവിത സഖിയാക്കിയത്. ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദും (35), ശൈഖ മറിയം ബിന്ത് ബുട്ടി അല്‍ മക്തൂമും വിവാഹിതരായി. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നോളജ് ഫൗണ്ടേഷന് ചെയര്മാന് ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദും (32), ശൈഖ മിദ്യ ബിന്ത് ദല്‍മൂജ് അല്‍ മക്തൂമുമാണ് വിവാഹിതരായത്.
വിവാഹഘോഷത്തിന്റെ മുന്നോടിയായി ദീപാലംകൃതമായി നില്ക്കുന്ന സബീല്‍ പാലസിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നത്. ഇമറാത്തി പാരമ്പര്യമനുസരിച്ച് തങ്ങളുടെ കുടുംബത്തില്‍ ഒരാളുടെ വിവാഹമുറപ്പിച്ചാല്‍ അത് അയല്‍ക്കാരെയും സുഹൃത്തുക്കളെയും അറിയിക്കാനായി വീടുകള്‍ ദീപാലംകൃതമാക്കുന്നത് പതിവാണ്.
ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആറിനാണ് ആഘോഷച്ചടങ്ങ് നടക്കുക. മറ്റു ജിസിസി. രാജ്യങ്ങളില്‍നിന്നുള്ള രാജകുടുംബാംഗങ്ങള്‍, ഭരണാധികാരികള്‍ എന്നിവരുള്‍പ്പെടെ ആയിരക്കണക്കിന് അതിഥികള്‍ വൈകീട്ട് നാലുമണിക്ക് തുടങ്ങുന്ന ആഘോഷപരിപാടിയിലെത്തും. ഇമറാത്തി രീതിയനുസരിച്ച് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക വേദികള്‍ സജ്ജീകരിച്ചിട്ടുണ്ടാകും. വരന്റെ ഭാഗത്തുനിന്നുള്ള ആഘോഷങ്ങളെക്കാള്‍ വിപുലമാകും വധുവിന്റെ ഭാഗത്തെ ആഘോഷങ്ങള്‍.
വധു വരന്റെ ഭാഗത്തെ ചടങ്ങുകളില്‍ പങ്കെടുക്കില്ല. വരനും അടുത്ത ബന്ധുക്കളും വധുവിന്റെ ഭാഗത്തെ ആഘോഷ പരിപാടികളില്‍ പങ്കെടുക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. ദുബായ് ഭരണാധികാരിയുടെ മൂന്ന് പുത്രന്മാരുടെ വിവാഹാഘോഷം ഒരുമിച്ച് നടക്കുന്നതിനാല്‍ മുന്‍പ് നടന്ന രാജകീയ വിവാഹങ്ങളേക്കാള്‍ പതിന്മടങ്ങ് വര്‍ണാഭമാകും ആഘോഷ പരിപാടികളെന്നാണ് കരുതുന്നത്.
Discussion about this post