തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞടുപ്പില്‍ യുഡിഎഫിന് ഇത്രയും വലിയ വിജയം നല്‍കിയത് ശബരിമലയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതന്യൂനപക്ഷങ്ങള്‍ ഒപ്പം നിന്നതും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തന ശൈലിയോടുമുള്ള എതിര്‍പ്പും യുഡിഎഫിന് വന്‍ ഭൂരിപക്ഷം നേടി വിജയിക്കാന്‍ വഴിവെച്ചുവെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലവിഷയം യുഡിഎഫിന് നേട്ടമുണ്ടാകാന്‍ സഹായിച്ചതിനാല്‍ അധികാരത്തില്‍ വന്നാല്‍ ശബരിമല വിശ്വാസം സംരക്ഷിക്കാനായി പ്രത്യേകനിയമനിര്‍മ്മാണം കൊണ്ടുവരുമെന്നും ചെന്നിത്തല വ്യക്തമാക്കി.
കേരളത്തില്‍ ബിജെപിയുടെ മുന്നേറ്റത്തെ തകര്‍ത്തെറിഞ്ഞത് യുഡിഎഫാണ്. മതേതരവിശ്വാസികളെ അണിനിരത്തിയാണ് യുഡിഎഫ് മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ മോഡിക്കും ആര്‍എസ്എസിനും ബിജെപിക്കും ഇടമില്ലാതാക്കിയത് യുഡിഎഫിന്റെ മുന്നേറ്റം തന്നെയാണ്. പിണറായി സര്‍ക്കാരിനെ ജനം തള്ളിയെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ വ്യക്തമാണ്. അതിനാല്‍ ഭരണത്തില്‍ തുടരാനുള്ള ധാര്‍മ്മികമായ അവകാശം എല്‍ഡിഎഫിനില്ല. യുഡിഎഫിന്റെ ഈ വിജയത്തില്‍ അഹങ്കരിക്കാന്‍ ഞങ്ങളില്ലെന്നും വിനയത്തോടെ ഈ വിജയം ഉള്‍ക്കൊള്ളുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Discussion about this post