കൊല്ലം: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്‍(88) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. മൃതദേഹം 10 മണിക്ക് കൊല്ലം ഡിസിസിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം വൈകീട്ട് വൈകീട്ട് നാലിന് മുളങ്കാടകം ശ്മശാനത്തില്‍ നടക്കും.
നാലു തവണയാണ് അദ്ദേഹം മന്ത്രിയായി ഇരുന്നത്. കെ കരുണാകരന്, എകെ ആന്റണി മന്ത്രി സഭകളിലായി നാല് തവണ മന്ത്രിയായിരുന്ന കടവൂര്‍ ശിവദാസന്‍ വൈദ്യുതി, വനം, എക്സൈസ്, ആരോഗ്യം, തൊഴില്‍ എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ആര്‍എസ്പിയിലൂടെയാണ് കടവൂര്‍ ശിവദാസന്‍ കേരള രാഷ്ട്രീയത്തില്‍ വരവറിയിക്കുന്നത്. 1980-ലും 82-ലും ആര്‍എസ്പി പ്രതിനിധിയായി കടവൂര്‍ ശിവദാസന്‍ നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചിട്ടുണ്ട്.
ശേഷം അദ്ദേഹം കോണ്‍ഗ്രസിലെത്തുകയും കൊല്ലം ജില്ലയിലെ പാര്‍ട്ടിയുടെ പ്രധാന നേതാവായി മാറുകയും ചെയ്തു. 1991, 1996, 2001 എന്നിങ്ങനെ തുടര്‍ച്ചയായി 15 വര്‍ഷം അദ്ദേഹം കൊല്ലം, കുണ്ടറ മണ്ഡലങ്ങളില്‍ നിന്നും മത്സരിച്ചു ജയിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി ക്ഷേമനിധി ബോര്‍ഡ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് കടവൂര്‍ ശിവദാസനായിരുന്നു. വിജയമ്മയാണ് ഭാര്യ. മിനി, ഷാജി ശിവദാസന്‍ എന്നിവരാണ് മക്കള്‍.
Discussion about this post