കാഴ്ചക്കാരെ ഉണ്ടാക്കാനും ടിആര്‍പി റേറ്റിങ് ലഭിക്കാനും എന്തു ചെയ്യാം എന്ന ചാനലിന്റെ ദയനീയാവസ്ഥ അമ്പരിപ്പിച്ചുവെന്ന് ബോളിവുഡ് താരം തപ്സി പന്നു. താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചുവെന്നും താരം പറയുന്നു. കളേഴ്സ് ടിവിക്കെതിരെയാണ് താരത്തിന്റെ ആരോപണം. കളേഴ്സിലെ ഹിറ്റ് ഷോയായ ബിഎഫ്എഫ് വിത്ത് വോഗ് എന്ന പരിപാടിയില്‍ താപ്സി പന്നു പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ നടന് വിക്കി കൗശല്‍ വ്യത്യസ്തനാണെന്നും മറ്റ് ആണുങ്ങളെല്ലാം വൃത്തികെട്ടവരാണെന്നും താപ്സി പറഞ്ഞു എന്ന തരത്തിലാണ് വാര്‍ത്ത എത്തിയത്.
ആണുങ്ങളെ വൃത്തികെട്ട പദപ്രയോഗം കൊണ്ട് അടച്ചാക്ഷേപിച്ചുവെന്ന ആരോപണം ശക്തമാവുകയും ചെയ്തു. ഇതോടെ നിരവധി പേരാണ് താരത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി രംഗത്തെത്തിയത്. ഇതിനു പിന്നാലൊണ് ട്വിറ്ററിലൂടെ വിശദീകരണവുമായി നടി രംഗത്ത് വന്നത്. കാഴ്ചക്കാരെ ഉണ്ടാക്കാനും ടിആര്‍പി റേറ്റിങ് ലഭിക്കാനും എന്തു ചെയ്യാം എന്ന ചാനലിന്റെ ദയനീയാവസ്ഥ എന്ന അമ്പരിപ്പിക്കുകയാണ്. അവര്‍ തെറ്റായി വ്യാഖ്യാനിക്കുകയല്ല, എന്നെ തെറ്റായി ഉദ്ധരിക്കുകയാണുണ്ടായത്. ഞാന്‍ ഇക്കാര്യം പറയുന്നതിന്റെ ദൃശ്യങ്ങള്‍ കാണിക്കാമെങ്കില്‍ അത് നന്നാവുമായിരുന്നു. ഇത് വില കുറഞ്ഞ ഒരു കാര്യമായിപ്പോയി- നോട്ട്കൂള്‍, ചീപ്പ് സ്റ്റണ്ട് തുടങ്ങിയ ഹാഷ്ടാഗുകള്‍ക്കൊപ്പം തപ്സി ട്വീറ്റ് ചെയ്തു.
ഷോയുടെ ഒരു പ്രൊമോ വീഡിയോയെ ഉദ്ധരിച്ചാണ് വിവിധ മാധ്യമങ്ങള്‍ താപ്സി പന്നുവിന്റെ വിവാദ അഭിപ്രായപ്രകടനം റിപ്പോര്‍ട്ട് ചെയ്തത്. കളേഴ്സ് ഇന്‍ഫിനിറ്റി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ നന്നായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് വിമര്‍ശനങ്ങളും ശക്തമായത്. അനുരാഗ് കശ്യപിന്റെ മന്മര്സിയാനില് ഒന്നിച്ച് അഭിനയിച്ച താരങ്ങളാണ് താപ്സിയും വിക്കി കൗശലും. അഭിഷേക് ബച്ചനായിരുന്നു ചിത്രത്തിലെ നായകന്. ഈ ചിത്രത്തിന്റെ സെറ്റിലെത്തുന്നതിന് മുന്‍പ് തന്നെ വാട്സ്ആപ്പിലൂടെ തങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും ചാനല്‍ പരിപാടിയില്‍ തപ്സി പറയുന്നുണ്ട്. വിവാഹം കഴിക്കാന്‍ എല്ലാം കൊണ്ടും യോഗ്യനാണ് വിക്കി കൗശലെന്നും പരിപാടിയില്‍ താപ്സി പറയുന്നുണ്ട്.
Discussion about this post