കൊച്ചി: കൊച്ചി മെട്രോയില്‍ യാത്ര ചെയ്തും ലുലുമാളില്‍ കറങ്ങിയും ഒരു ദിവസം ചിലവഴിച്ച് തൃശ്ശൂരിലെ യാചകര്‍. തൃശ്ശൂരിലെ ഹോമിയോ ഡോക്ടറായ ഡോ. ജോജോ കെ ജോസഫാണ് അവര്‍ക്കായി ഒരു ദിനം ചിലവഴിച്ചത്. വൈപ്പിന്‍ സ്വദേശിയാണ് ഇദ്ദേഹം. തൃശൂരിലെ തെരുവുകളില്‍ അലയുന്ന ഭിക്ഷക്കാര്‍ക്ക് ഭക്ഷണം കൊടുത്തുകൊണ്ടാണ് ജോജോ ഇവരുടെ സ്നേഹിതനായി മാറിയത്. 14 വര്‍ഷമായി മുടക്കമില്ലാതെ ഇവര്‍ക്ക് പൊതിച്ചോര്‍ നല്‍കാറുണ്ട്. കൂട്ടത്തില്‍ വിനോദയാത്രയും ഒരുക്കും ഈ ഡോക്ടര്‍.
ആദ്യത്തെ യാത്ര പീച്ചി ഡാമിലേയ്ക്ക് ആയിരുന്നു. ഇപ്പോള്‍ ഓരോ മൂന്ന് മാസം കൂടുമ്പോഴും യാത്ര പോകും. ആദ്യയാത്രയില്‍ ഒന്‍പത് പേരാണ് ഉണ്ടായിരുന്നത്. പിന്നാലെ എണ്ണം കൂടി. കൊച്ചിയാത്രക്ക് എത്തിയത് 14 പേരാണ്. കുളിച്ചൊരുങ്ങി, നല്ല വസ്ത്രങ്ങള്‍ ധരിച്ച് ഏറെ സന്തോഷത്തോടെയാണ് എല്ലാവരുമെത്തിയത്. എല്ലാവരും ഒറ്റ മനസോടെ ആദ്യം കൊച്ചി മെട്രോയില്‍ യാത്ര ചെയ്തു. യാത്രക്കിടെ കൂട്ടത്തിലേറ്റം മൂത്ത കൃഷ്ണന് ചിരിച്ചു കൊണ്ട് പറഞ്ഞു, ”കൊച്ചി പഴയ കൊച്ചിയല്ലാട്ടോ”.
അതു കേട്ട് പലരും ചിരിച്ചു. അച്ചടക്കത്തോടെ ക്യൂ നിന്നും ആദ്യ മെട്രോ യാത്രയുടെ കൗതുകത്തോടെയും അവര്‍ ട്രെയിന്‍ കയറി. മെട്രോ ട്രെയിന്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് സ്റ്റേഷനിലെത്തിയപ്പോള്‍ ഒരാള്‍ പറഞ്ഞു: ”അവിടെയൊക്കെ അന്തിയുറങ്ങാന്‍ എന്തു രസമായിരിക്കും”. ഇങ്ങനെ ഓരോ വിശേഷങ്ങളും പങ്കുവെച്ച് അവര്‍ യാത്ര തുടര്‍ന്നു. മെട്രോയില്‍ കയറുക മാത്രമല്ല, ലുലു മാള്‍ കണ്ടും സുഭാഷ് പാര്‍ക്കിലെ പുല്മേട്ടിലിരുന്നും മറൈന്‍ ഡ്രൈവിലെ കാറ്റു കൊണ്ടും കൊച്ചിയാത്ര ആസ്വാദ്യകരമാക്കി ഇവര്‍.
”അവരുടെ മുഖത്തെ ചിരി സന്തോഷത്തിന്റേതു മാത്രമല്ല, സ്വാതന്ത്ര്യത്തിന്റേതു കൂടിയാണ്. അടച്ചിട്ട മുറികളല്ല, വിശാലമായ സ്ഥലങ്ങളാണ് അവര്‍ക്കു വേണ്ടത്. അപ്പോള്‍ എല്ലാ വിഷമങ്ങളും മറന്ന് അവര്‍ സന്തോഷിക്കുന്നതു കാണാം”, ഡോ.ജോജോ പറയുന്നു.
Discussion about this post