ഭുവനേശ്വര്‍: രാജ്യത്തെ കണ്ണീരിലാഴ്ത്ത് ഫോനിയുടെ സംഹാര താണ്ഡവം തുടരുന്നു. ചുഴലിക്കാറ്റില്‍ മരണം 26 ആയി. ഒഡീഷയില്‍ ഇതുവരെ ഫോനി 12 പേരുടെ ജീവനെടുത്തു. ബംഗ്ലാദേശില്‍ 14 പേരാണ് മരിച്ചത്. 3 പേര്‍ക്ക് പരുക്കേറ്റു. 36 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. 16 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ഇതിനിടെ, ഫോനി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. കാറ്റ് ബംഗാളിലേക്ക് എത്തിയെങ്കിലും വലിയ നാശനഷ്ടമുണ്ടാക്കിയിട്ടില്ല. കനത്തമഴയും മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റുമാണ് ബംഗാളിന്റെ തീരദേശ ജില്ലകളിലും കൊല്‍ക്കത്തയിലും അനുഭവപ്പെട്ടത്. മണിക്കൂറില്‍ 70 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ഇന്ത്യയുടെ വടക്കു കിഴക്കന്‍സംസ്ഥാനങ്ങളില്‍ വ്യാപകമായി മഴ ലഭിക്കും. കൊല്‍ക്കത്ത രാജ്യാന്തര വിമാനത്താവളം തുറന്നു. റെയില്‍ ഗതാഗതം പൂര്‍ണ്ണമായി പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. ഒഡീഷയിലുണ്ടായ കനത്ത നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗാളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്.
വരുന്ന ആറ് മണിക്കൂറില്‍ ഫോനി തീവ്ര ന്യൂനമര്‍ദ്ദമാകുന്നതോടെ, അതിന്റെ ശക്തി വീണ്ടും കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഫോനി തകര്‍ത്തെറിഞ്ഞ ഒഡീഷയില്‍ ജനജീവിതം സാധാരണ നിലയിലെത്താന്‍ ഇനിയും ദിവസങ്ങളെടുക്കും. അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ന്നിരിക്കുകയാണ്. ഇന്നലെ അടച്ച ഭുവനേശ്വര്‍ വിമാനത്താവളം ഇന്ന് തുറന്നു.
Discussion about this post