ഭോപ്പാല്‍: മോഡി ഭരണത്തെ പുകഴ്ത്തി ഭോപ്പാലിലെ ബിജെപി ലോക്സഭാ സ്ഥാനാര്‍ത്ഥിയായ സാധ്വി പ്രജ്ഞ്യ സിങ് താക്കൂര്‍. കോണ്‍ഗ്രസിന്റെ 70 വര്‍ഷത്തെ ഭരണത്തെക്കാള്‍ മികച്ചതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അഞ്ച് വര്‍ഷത്തെ ഭരണമെന്നാണ് പ്രജ്ഞ്യ സിങ് പറഞ്ഞത്. തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് പ്രജ്ഞ്യാ സിങ് മോഡി ഭരണത്തെ പുകഴ്ത്തിയത്.
‘കോണ്‍ഗ്രസ് 70 വര്‍ഷക്കാലം ഇന്ത്യ ഭരിച്ചു. എന്നാല്‍ ജനങ്ങളുടെ അഭിമാനത്തെയും അന്തസ്സിനെയും സംസ്കാരത്തെയും പറ്റി അവര്‍ ഒരിക്കലും ബോധവാന്മാര് ആയിരുന്നില്ല. 70 വര്‍ഷത്തെ കോണ്‍ഗ്രസിന്റെ ഭരണത്തെയും മോഡിയുടെ അഞ്ചു വര്‍ഷത്തെ ഭരണത്തെയും താരതമ്യം ചെയ്യണമെന്നും ആര്‍ക്കാണ് വോട്ട് നല്‍കേണ്ടതെന്ന് അപ്പോള്‍ മനസ്സിലാകുമെന്നും പ്രഗ്യ സിങ് പറഞ്ഞു.
ശിവരാജ് സിങ് ചൗഹാന്റെ കീഴിലുള്ള ബിജെപി സര്‍ക്കാര്‍ മധ്യപ്രദേശില്‍ മികച്ച ഭരണമാണ് കാഴ്ചവെച്ചത്. എന്നാല്‍ നാല് മാസത്തെ കോണ്‍ഗ്രസ് ഭരണം അത് തച്ചുടച്ചുവെന്നും പ്രജ്ഞ്യ സിങ് കുറ്റപ്പെടുത്തി. ബിജെപി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് സുരക്ഷയും സുരക്ഷിതത്വവും ഉറപ്പുവരുത്തിയെന്നും എന്നാല്‍ കോണ്‍ഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പ്രജ്ഞ്യ സിങ് പറഞ്ഞു.
Discussion about this post