ദുബായ്: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ തവണകളായി അടയ്ക്കാന്‍ സൗകര്യമൊരുക്കിയതിന് പിന്നാലെ ദുബായില്‍ സര്‍ക്കാര്‍ ഫീസും പിഴയും തവണകളായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍ പ്രസിദ്ധീകരിക്കുന്ന പട്ടികയിലുള്‍പ്പെട്ട സേവനങ്ങള്‍ക്കും പിഴകള്‍ക്കുമാണ് പ്രത്യേക സൗകര്യം ലഭിക്കുക. പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടില്ലാതെ സര്‍ക്കാര്‍ സേവനങ്ങളുമായി സഹകരിക്കാന്‍ സൗകര്യമൊരുക്കിയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവു പുറപ്പെടുവിച്ചത്.
വ്യക്തികള്‍ക്ക് 10,000 ദിര്‍ഹത്തിനു മുകളിലുള്ള ഫീസും ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം ദിര്‍ഹത്തില്‍ കൂടുതലുള്ള ഫീസും തവണകളായി അടയ്ക്കാനാകുമെന്നു ഇതുസംബന്ധിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.
വ്യക്തികള്‍ക്കു അയ്യായിരം ദിര്‍ഹത്തിനും ബിസിനസ് സ്ഥാപനങ്ങള്‍ക്കു 20,000 ദിര്‍ഹത്തിനും മുകളിലുള്ള പിഴ തവണകളായി അടയ്ക്കാനാണ് സൗകര്യം ഒരുങ്ങുന്നത്. പരമാവധി രണ്ടു വര്‍ഷത്തിനകം അടച്ചു തീര്‍ക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍, പ്രത്യേക സാഹചര്യങ്ങളില്‍ ധനകാര്യവകുപ്പിന് ഇക്കാര്യത്തില്‍ ഭേദഗതി വരുത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്.
Discussion about this post