റായ്ബറേലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടാല്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദു. റായ്ബറേലിയില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 70 വര്‍ഷത്തിനിടെ രാജ്യത്ത് സാമ്പത്തികമായ വികസനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന ബിജെപിയുടെ ആരോപണം തള്ളിയ സിദ്ദു രാജ്യത്തിന് ആവശ്യമായ സൂചി മുതല്‍ വിമാനം വരെയുള്ള കാര്യങ്ങള്‍ ഈ 70 വര്‍ഷക്കാലയളവിലാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിയുമായി കൂറുപുലര്‍ത്തുന്നവരെ ദേശീയവാദികളായും പാര്‍ട്ടി വിടുന്നവരെ ദേശവിരുദ്ധരുമായാണ് അവര്‍ കാണുന്നതെന്നും സിദ്ദു കുറ്റപ്പെടുത്തി. റാഫേല്‍ കരാര്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പരാജയത്തിനു വഴിവെയ്ക്കുമെന്നും നവജ്യോത് സിംഗ് സിദ്ദു കൂട്ടിച്ചേര്‍ത്തു.
Discussion about this post