ന്യൂഡല്‍ഹി: വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പ്രിയങ്കാ ഗാന്ധിയെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും തയ്യാറാവില്ലെന്ന് പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവ്. മോഡിക്കെതിരെ പ്രിയങ്കയെ മത്സരിപ്പിക്കാനുള്ള ധൈര്യം കോണ്‍ഗ്രസിനില്ലെന്നും പ്രിയങ്കയുടെ രാഷ്ട്രീയഭാവി തുടക്കത്തിലേ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കില്ലെന്നും രാംദേവ് പ്രതികരിച്ചു.
കോണ്‍ഗ്രസിനെ പരിഹസിക്കുന്നതിനോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വാഴ്ത്താനും രാംദേവ് മറന്നില്ല. രാജ്യത്തിന്റെ കാവല്‍ക്കാരനാണ് മോഡിയെന്ന് ആവര്‍ത്തിച്ച ബാബാ രാംദേവ് കാവല്ക്കാരന് കള്ളനല്ലെന്നും പറഞ്ഞു. ഒപ്പം, ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയേയും രാംദേവ് അഭിനന്ദിച്ചു.
ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയപ്പെടേണ്ടത് തന്നെയാണെന്നും ബിജെപി അധികാരത്തിലെത്തുമെന്നും ബിജെപിക്കൊപ്പം ജനങ്ങള്‍ ഉണ്ടെന്നും രാംദേവ് പറഞ്ഞു.
ഇന്ന് രാവിലെയാണ് മോഡി വാരാണസിയില്‍ തെരഞ്ഞെടുപ്പ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. മുതിര്‍ന്ന ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യത്തിലായിരുന്നു പത്രികാ സമര്‍പ്പണം. ഇന്നലെ പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി വാരണാസിയില്‍ വന്‍ റാലിയും മോഡി നടത്തിയിരുന്നു.
Discussion about this post