വാരാണസി: വാരാണസിയെ ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റോഡ് ഷോ. മെയ് 19 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വാരണാസിയില്‍ ജനവിധി തേടുന്ന മോഡി വെള്ളിയാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.
നരേന്ദ്ര മോഡി വീണ്ടും വാരാണസിയില്‍ അങ്കത്തിനെത്തുന്നത് എല്ലാതരത്തിലും ആഘോഷമാക്കുകയായിരുന്നു ബിജെപി. ബനാറസ് ഹിന്ദു സര്‍വകലാശാല കവാടം മുതല്‍ ദശാശ്വമേധ് ഘാട്ടുവരെയാണ് റോഡ് ഷോ. സ്വാതന്ത്ര്യ സമരസേനാനിയും ബനാറസ് സര്‍വകലാശാല സ്ഥാപകനുമായ മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് റോഡ് ഷോയ്ക്ക് തുടക്കം കുറിച്ചത്.
ആയിരക്കണക്കിന് ജനങ്ങളാണ് സര്‍വകലാശാലയ്ക്ക് സമീപത്തെത്തിയിരുന്നത്. റോഡ് ഷോ നടക്കുന്നതിന്റെ ഇരുവശങ്ങളിലും നിരവധി ആളുകള്‍ തിങ്ങിക്കൂടിയിട്ടുണ്ട്.
അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറേ, പഞ്ചാബ് മുന്‍മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ പ്രകാശ് സിങ് ബാദല്‍, കേന്ദ്രമന്ത്രിയും എല്‍ജെപി അധ്യക്ഷനുമായ റാം വിലാസ് പാസ്വാന് തുടങ്ങി എന്‍ഡിഎ ഘടകകക്ഷി നേതാക്കള്‍ മോഡിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രിയങ്ക ഗാന്ധി വാരാണസിയില്‍ മത്സരിക്കാനെത്തില്ലെന്ന് പ്രഖ്യാപനം നടന്ന ദിവസം തന്നെയാണ് മോഡിയുടെ റോഡ് ഷോ നടക്കുന്നത്. കഴിഞ്ഞതവണ മത്സരിച്ച് പരാജയപ്പെട്ട അജയ് റായിയാണ് ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
2014ലെ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ അജയ് റായിക്ക് ആകെ ലഭിച്ചത് 75000 വോട്ടാണ്. രണ്ടാം സ്ഥാനത്ത് ഡല്‍ഹി മുഖ്യമന്ത്രിയായ എഎപി നേതാവ് അരവിന്ദ് കേജ്രിവാളായിരുന്നു. നാലുതവണ ബിജെപി ടിക്കറ്റിലും ഒരു തവണ കോണ്‍ഗ്രസ് ടിക്കറ്റിലും നിയമസഭയിലേക്ക് വിജയിച്ചിട്ടുള്ള അജയ് റായ് കുറച്ചുകാലം സമാജ്വാദി പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്തവണ വാരാണസിയില്‍ എസ്പിബിഎസ്പി മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയും മത്സരരംഗത്തുണ്ട്.
Visuals from Prime Minister Narendra Modi's roadshow in Varanasi. #LokSabhaElections2019 pic.twitter.com/YSAjYbWHx8
— ANI UP (@ANINewsUP) 25 April 2019
Discussion about this post