കൊച്ചി: വിവാദമായ കല്ലട ട്രാവല്‍സ് ഉടമ കല്ലട സുരേഷ് ഇന്നും ഹാജരാകില്ലെന്ന് റിപ്പോര്‍ട്ട്. നിരവധി തവണ പോലീസ് സുരേഷിനോട് ഹാജരാകണം എന്ന് ആവശ്യപ്പെട്ടെങ്കിലും സുരേഷ് ഹാജരായില്ല. ചില ആരോഗ്യ പ്രശ്നങ്ങള്‍ കാണിച്ചാണ് ഇന്ന് ഹാജരാകില്ല എന്ന് സുരേഷ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ എത്രയും പെട്ടെന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം എന്നും ചികിത്സാരേഖകള്‍ സമര്‍പ്പിക്കണം എന്നും പോലീസ് സുരേഷിനോട് പറഞ്ഞതായാണ് വിവരം.
ഇന്നലെ ഹാജരാകും എന്ന് കരുതിയിരുന്നെങ്കിലും സുരേഷ് കല്ലട എത്തിയില്ല. ഇന്ന് കൂടി ഹാജരായില്ലെങ്കില്‍ കൂടുതല്‍ നിയമ നടപടികളിലേക്ക് നീങ്ങാനാണ് പോലീസിന്റെ തീരുമാനം. മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തില്‍ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കും. ഇതിന് സഹകരിക്കാത്ത പക്ഷം ഇയാള്‍ക്കെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം. റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനുള്ള നടപടികളും പോലീസ് തുടങ്ങി.
അതേസമയം സംസ്ഥാനത്ത് അന്തര്‍വാഹന ബസുകളില്‍ പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്. പല ബസുകളിലും വ്യാപകമായ ക്രമക്കേട് കണ്ടെത്തിയതായും റിപ്പോര്‍ട്ട് ഉണ്ട്. ഓപ്പറേഷന് നൈറ്റ് റൈഡേഴ്സ് എന്ന പേരിലാണ് പരിശോധന നടത്തുന്നത്. സംസ്ഥാനത്ത് ഇതുവരെ 300 ബസുകള്‍ക്ക് പിഴ ഈടാക്കി. മാത്രമല്ല 46 ഓഫീസുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
Discussion about this post