ഖണ്ഡ്വ: രാജ്യം ഇപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ചൂടിലാണ്. പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് ഇതിനകം കഴിഞ്ഞു. ടെക്നോളജി പുരോഗമിച്ചതിനാല്‍ തെരഞ്ഞെടുപ്പ് വിവരങ്ങളും പോളിങ് ശതമാനവുമൊക്കെ എല്ലാവര്ക്കും പെട്ടെന്ന് ലഭിക്കാറുണ്ട്. പോളിങ് നടക്കുന്ന ബൂത്തുകളില്‍ നിന്ന് രണ്ട് മണിക്കൂര്‍ ഇടവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാറുമുണ്ട്.
എന്നാല്‍ നമ്മുടെ രാജ്യത്ത് ഇപ്പോഴും മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ ലഭിക്കാത്ത പ്രദേശങ്ങള്‍ ഉണ്ട്. അത്തരത്തിലുള്ള ഉള്‍പ്രദേശങ്ങളിലെ വോട്ടിങ് വിവരങ്ങള്‍ യഥാസമയം ലഭ്യമാക്കാന്‍ വേണ്ടി പുതിയ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്. മൊബൈല്‍ നെറ്റ് വര്‍ക്ക് ലഭിക്കാത്ത പ്രദേശങ്ങളിലെ പോളിങ് വിവരങ്ങള്‍ അറിയിക്കാന്‍ വേണ്ടി അതിവേഗ ഓട്ടക്കാരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ചിരിക്കുന്നത്.
മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇത്തരത്തിലൊരു പരീക്ഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇവിടെ മൊബൈല്‍ റേഞ്ച് പോലും ലഭിക്കാത്ത അമ്പതോളം ബൂത്തുകളാണ് ഉള്ളത്. ഇവിടുത്തെ വോട്ടിങ് പുരോഗതി യഥാസമയം പുറത്തെത്തിക്കാന്‍ വേണ്ടി പ്രത്യേക പരിശീലനം നല്കിയ 200 ഓട്ടക്കാരെയാണ് നിയമിച്ചിരിക്കുന്നത്. ഇത്തരത്തില്‍ രണ്ട് ഓട്ടക്കാരെയാണ് നിയമിക്കുക. ഒരാളെ പോളിങ് ബൂത്തിലും മറ്റൊരാളെ ഫോണിന് റേഞ്ച് ലഭിക്കുന്ന ഇടത്തും നിര്‍ത്തും. പോളിങ് ബൂത്തിലുള്ള ഓട്ടക്കാരന് ഓരോ രണ്ട് മണിക്കൂറിലും ഓടിയെത്തി വിവരങ്ങള്‍ ഫോണിന് റേഞ്ചുള്ള സ്ഥലത്ത് നില്ക്കുന്ന ആള്‍ക്ക് കൈമാറും. ഇയാള്‍ പോളിങ് വിവരങ്ങള്‍ ഫോണ്‍ വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുമെന്നാണ് ഖണ്ഡ്വ ഡിആര്‍ഒ വിശേഷ് ഗദ്പാലെ അറിയിച്ചിരിക്കുന്നത്.
Discussion about this post