തിരുവനന്തപുരം: ബംഗളൂരുവിലേക്ക് പോയ കല്ലട എന്ന സ്വകാര്യ ബസില്‍ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ വന്‍രോഷമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. ബസില്‍ ഇതിന് മുമ്പും ജീവനക്കാര്‍ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇപ്പോഴാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. അക്കൂട്ടത്തില്‍ രണ്ടുവര്‍ഷം മുമ്പ് നടന്ന ഒരു സംഭവം കൂടി ഇപ്പോള്‍ വാര്‍ത്ത ആവുകയാണ്.
അന്ന് ബംഗളൂരുവില്‍നിന്ന് പയ്യന്നൂരിലേക്ക് പതിവായി രാത്രികാല സര്‍വീസ് നടത്തുന്ന ബസിന്റെ ഡ്രൈവര്‍ മദ്യം തലക്ക് പിടിച്ച് വണ്ടി ഓടിക്കാന്‍ വന്നു. എന്നാല്‍ അയാളെ കൊണ്ട് പറ്റില്ലെന്ന് കണ്ടപ്പോള്‍ യാത്രക്കാരന് ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് സഹയാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുകയായിരുന്നു.
അന്ന് രാത്രി ഒന്‍പതുമണിക്കാണ് ബസ് പുറപ്പെട്ടത്. മദ്യപിച്ചെത്തിയ ഡ്രൈവര്‍ വിനയന്റെ പെരുമാറ്റം അത്ര പന്തിയല്ലായിരുന്നു. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തിയിലായി. ക്രിസ്മസ് അവധിയായതിനാല്‍ നിറയെ യാത്രക്കാരും അന്ന് ബസില്‍ ഉണ്ടായിരുന്നു. യാത്രക്കാരുടെ ജീവനു പോലും അപകടമാകുന്ന തരത്തില്‍ ഡ്രൈവര്‍ പായാന്‍ തുടങ്ങിയതോടെ ഒരു യാത്രക്കാരന് ബസിന്റെ നിയന്ത്രണം ഏറ്റെടുത്തത്.
പിന്നീട് വളപട്ടണം എത്തിയപ്പോള്‍ പകരം ഡ്രൈവറെ പോലീസ് ഏര്‍പ്പെടുത്തുകയായിരുന്നു. മാക്കൂട്ടം ചുരം എത്തുന്നതിന് മുമ്പ് യാത്രക്കാരന് ഇടപെട്ടതുമൂലം വന്‍ ദുരന്തമാണ് ഒഴിവായതെന്ന് പോലീസ് പറഞ്ഞു. ബസ് കസ്റ്റഡിയിലെടുത്ത പോലീസ് മദ്യപിച്ച് വാഹനം ഓടിച്ചതിന് വിനയനെതിരെ കേസെടുത്തിരുന്നു. ഇത്തരത്തില്‍ ഒട്ടേറെ ദുരനുഭവങ്ങളാണ് യാത്രക്കാര്‍ക്ക് കല്ലട സമ്മാനിച്ചിരുന്നത്.
Discussion about this post