തൃശ്ശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തൃശ്ശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചതിന് സൈബര്‍ ആക്രമണത്തിന് ഇരയായ ബിജു മേനോന് പിന്തുണയുമായി മേജര്‍ രവി. തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് മേജര്‍ രവി ബിജു മേനോന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ഇത്തരത്തിലുള്ള തരംതാണ ആക്രമണങ്ങളില്‍ നിന്ന് ദയവു ചെയ്ത് വിട്ടുനില്‍ക്കണമെന്നും ശാരീരികമായോ മാനസികമായോ വാക്കുകള്‍ കൊണ്ടോ ആക്രമിക്കുന്നതിന് പകരം തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഉദാരമനസ്കതയോടെ പെരുമാറാന്‍ ശ്രമിക്കണമെന്നാണ് മേജര്‍ രവി തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.
‘സുഹൃത്തായ സുരേഷ് ഗോപിയെ പിന്തുണച്ചതിന് നടന് ബിജു മേനോന് നേരെ നടക്കുന്ന സോഷ്യല്‍ മീഡിയ ആക്രമണങ്ങളെ അപലപിക്കുന്നു. ഒരാളെ മാനസികമായോ, ശാരീരികമായോ, വാക്കുകള്‍ കൊണ്ടോ ആക്രമിക്കുന്നതിന് പകരം തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഉദാരമനസ്കതയോടെ പെരുമാറാന്‍ എല്ലാവരും ശ്രമിക്കണം. സൗഹൃദത്തെ മനസിലാക്കി അതിന്റെ വില നല്‍കൂ. ദയവായി ഇത്തരം തരംതാണ ആക്രമണങ്ങളില്‍ നിന്നും വിട്ടുനില്ക്കൂ. ഞാന്‍ ഇതിനെ അപലപിക്കുന്നു. ബിജു മേനോന് എന്റെ എല്ലാവിധ പിന്തുണയും…ജയ് ഹിന്ദ്’ എന്നാണ് മേജര്‍ രവി ഫേസ്ബുക്കില്‍ കുറിച്ചത്.
തൃശ്ശൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് കഴിഞ്ഞ ദിവസമാണ് ബിജു മേനോന് പൊതുവേദിയില്‍ എത്തിയത്. സുരേഷ് ഗോപിയെ പോലെയുള്ള ഒരു ജനപ്രതിനിധിയെ കിട്ടിയാല്‍ അത് തൃശ്ശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നുമായിരുന്നു ബിജു മേനോന് വേദിയില്‍ വെച്ച് പറഞ്ഞത്.
Discussion about this post