നിലമ്പൂര്‍: പാകിസ്താനില്‍ പോയി ബിരിയാണി കഴിച്ചിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യസ്നേഹം പഠിപ്പിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നിലമ്പൂരില്‍ പറഞ്ഞു. ദേശീയവാദിയും ശക്തനുമായ നേതാവാണ് മോഡി എന്നാണ് ബിജെപി വിശേഷിപ്പിക്കുന്നത്.
തിരഞ്ഞെടുപ്പ് വരുമ്പോള്‍ പൊതുയോഗം വിളിച്ച് പാകിസ്താനെ കുറിച്ച് പറയുകയാണു മോഡി ചെയ്യുന്നത്. എന്നാല്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്നതിലും പരിഗണിക്കുന്നതിലും പരാജയപ്പെട്ട മോഡി ദുര്‍ബലനായ പ്രധാനമന്ത്രിയാണ്. ജനങ്ങള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് മോഡി കേള്‍ക്കുന്നില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
നാട്ടിലെങ്ങും ഒരു വ്യക്തിയുടെ മാത്രം തല വച്ചുള്ള പരസ്യങ്ങളാണ്. കോടിക്കണക്കിനു രൂപയാണു പരസ്യത്തിനു വേണ്ടി ചെലവിടുന്നത്. ഇതൊക്കെ കണ്ടപ്പോള്‍ കരുതി മോഡി അദ്ദേഹത്തിന്റെ മണ്ഡലമായ വാരണാസിയില്‍ വല്ലതും ചെയ്തിട്ടുണ്ടാകുമെന്ന്. പ്രധാനമന്ത്രിയുടെ മണ്ഡലം എന്ന വിശേഷണമുണ്ടായിട്ടും മോഡി ജയിച്ചതിനുശേഷം വാരണാസിയിലെ ഗ്രാമീണരെ തിരിഞ്ഞുനോക്കിയിട്ടില്ല.
അഞ്ച് വര്‍ഷം രാജ്യത്തെ വിഭജിക്കുക മാത്രമാണ് ബിജെപി സര്‍ക്കാര്‍ ചെയ്തതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെയും ആദിവാസികളുടെയും പ്രശ്നങ്ങള്‍ക്ക് പൂര്‍ണ പരിഹാരം കാണുമെന്നും പ്രിയങ്ക പറഞ്ഞു.
മലയോര കര്‍ഷകരുടെ പൂര്‍ണ സംരക്ഷണം ഉറപ്പു നല്‍കുമെന്ന് പുല്‍പ്പള്ളിയില്‍ സംഘടിപ്പിച്ച കര്‍ഷക സംഗമത്തില്‍ പ്രിയങ്ക വ്യക്തമാക്കി. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനൊപ്പം ക്ഷേമ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുമെന്നും അവര്‍ പറഞ്ഞു.
Discussion about this post