ഭോപ്പാല്‍: തീവ്രവാദ വിരുദ്ധ സ്ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കറെയുടെ മരണത്തെയും അധിക്ഷേപിച്ച് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിങ് താക്കൂര്‍. 2011ലെ മുംബൈ ഭീകരാക്രമണത്തിലാണ് ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടത്. പ്രജ്ഞ സിങ് താക്കൂര്‍ പറയുന്നത് ഹേമന്ത് കര്‍ക്കറെയ്ക്ക് ജീവന് നഷ്ടപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്നാണ്.
പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ഭോപ്പാലില്‍ സംസാരിക്കവെയായിരുന്നു പ്രജ്ഞ സിങ് താക്കൂറിന്റെ ഈ പരാമര്‍ശം. പ്രജ്ഞ സിങ് താക്കൂര്‍ 2008ലെ മലേഗാവ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. ഈ സമയത്ത് തനിക്ക് കസ്റ്റഡിയില്‍ വലിയ പീഡനങ്ങളാണ് നേരിടേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു. ആ ഓഫീസറില്‍ നിന്ന് നേരിടേണ്ടിവന്നത് സഹിക്കാവുന്നതിലുമപ്പുറമുള്ള പീഡനവും മര്ദ്ദനവുമാണെന്നും പ്രജ്ഞ സിങ് കൂട്ടിച്ചേര്‍ത്തു.
പലതവണ ചോദ്യങ്ങള്‍ ഉയര്‍ത്തി ഹേമന്ത് കര്‍ക്കറെ തന്നെ ശല്യം ചെയ്തുകൊണ്ടിരുന്നുവെന്നും തനിക്ക് ആ സംഭവവുമായി യാതൊരു ബന്ധമില്ലാത്തതിനാല്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ കഴിഞ്ഞില്ലെന്നും പ്രജ്ഞ സിങ് പറഞ്ഞു. ‘ഞാന്‍ കര്‍ക്കറെയെ ശപിച്ചത് കസ്റ്റഡിയില്‍ നേരിട്ട പീഡനത്തിനും ഭീഷണിക്കുമാണ്. അയാള്‍ ഇല്ലാതാകട്ടെയെന്ന് ഞാന്‍ ശപിച്ചു’ എന്നാണ് പ്രജ്ഞ പറയുന്നത്. മുംബൈ ഭീകരാക്രമണത്തെ നേരിട്ടതിന് ആരാണ് അദ്ദേഹത്തിന് അശോക ചക്രം സമ്മാനിച്ചതെന്നും പ്രജ്ഞ സിങ് ചോദിച്ചു.
2008ലെ മലേഗാവ് സ്ഫോടനം നടത്തിയെന്ന ആരോപണം നേരിടുന്ന ഹിന്ദു ഭീകരവാദ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു പ്രജ്ഞ സിങ് താക്കൂര്‍. ഇതിനാലാണ് മഹാരാഷ്ട്ര എടിഎസ് പ്രജ്ഞ സിങ് താക്കൂറിനെ അറസ്റ്റു ചെയ്യ്തത്. പ്രജ്ഞ ഈ കേസിലെ മുഖ്യ പ്രതിയാണ്. പ്രജ്ഞയുടെ ബൈക്കായിരുന്നു സ്ഫോടന വസ്തുക്കള്‍ ഘടിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നത് എന്ന് കണ്ടെത്തിയിരുന്നു.
Discussion about this post