ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ മറയാക്കി ബിജെപി നേതൃത്വം നടത്തിയ വന്‍ അഴിമതിയുടെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടും വാര്‍ത്തയെ അവഗണിച്ച് ദേശീയ മാധ്യമങ്ങള്‍. കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ വീഡിയോ അടക്കമുള്ള തെളിവുകളാണ് പുറത്തുവിട്ടത്.
പ്രമുഖ ദേശീയ ചാനലായ എന്‍ഡിവി പോലും വാര്‍ത്ത സംപ്രേക്ഷണം ചെയ്യുന്നതിനിടെ തന്നെ പിന്‍വലിക്കുകയായിരുന്നു. ദേശീയ രാഷ്ട്രീയത്തെ പിടിച്ചുലച്ച വാര്‍ത്തയായിട്ടു പോലും മുഖ്യധാരാ മാധ്യമങ്ങള്‍ വാര്‍ത്തയെ അവഗണിച്ചതിന് പിന്നില്‍ ബിജെപിയുടെ ശക്തമായ ഇടപെടലുണ്ടെന്ന് സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.
അമിത് ഷായുടേയും പ്രധാനമന്ത്രിയുടെ ഓഫീസിന്റേയും മേല്‍നോട്ടത്തില്‍ കോടിക്കണക്കിന് രൂപയുടെ നോട്ടുകള്‍ മാറ്റിനല്‍കി കമ്മീഷന് തട്ടിയെന്നത് വീഡിയോ സഹിതം വ്യക്തമാക്കിയിരുന്നു.
നോട്ട് നിരോധനത്തിന് ആറ് മാസം മുമ്പ് മൂന്ന് ലക്ഷം കോടി രൂപയുടെ വ്യാജകറന്‍സികള്‍ വിദേശത്ത് അച്ചടിച്ച് വ്യോമസേനാ വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചു. അസാധുനോട്ടുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ മാറ്റി നല്കി. ഒറ്റയടിക്ക് 320 കോടി രൂപ വരെ മാറ്റിയെടുത്തു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ട്.
ടിഎന്‍എന്‍ ഏജന്‍സി നടത്തിയ സ്റ്റിംഗ് ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് നോട്ട് നിരോധനത്തിലെ അഴിമതി കോണ്‍ഗ്രസ് തുറന്നുകാട്ടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ tnn.world എന്ന വെബ്സൈറ്റില്‍ ഉണ്ടെന്നും സിബല്‍ വ്യക്തമാക്കിയിരുന്നു.
ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടുകൂടിയ നോട്ടുകളാണ് പ്രിന്റ് ചെയ്തത്. എന്നാല്‍ 2016 സെപ്റ്റംബര്‍ നാലിനാണ് ഊര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണറായി നിയമിതനായത്. നോട്ടുനിരോധനം നടന്നത് രണ്ട് മാസത്തിന് ശേഷം നവംബറിലാണ്. ആറ് മാസം മുമ്പ് നോട്ട് അച്ചടിച്ചു എന്ന് പറയുമ്പോള്‍ ഗവര്‍ണറായി ഊര്‍ജിത് പട്ടേല്‍ നിയമിതനാകുന്നതിനും നാല് മാസം മുമ്പ് തന്നെ അദ്ദേഹത്തിന്റെ ഒപ്പോടുകൂടിയ നോട്ടുകള്‍ അച്ചടിച്ചു എന്നത് ദുരൂഹതയേറുന്നു.
അമിത് ഷായാണ് ഇതിനുള്ള എല്ലാ സംവിധാനം ഒരുക്കിയതും നിയന്ത്രിച്ചതും. നോട്ട് മാറ്റി നല്കല് ഇപ്പോഴും തുടരുന്നുണ്ടെന്നും കപില്‍ സിബല്‍ ആരോപിച്ചു.
Discussion about this post